
മലയാള സിനിമയിൽ തൊണ്ണൂറുകളിൽ മഞ്ജുവാര്യർക്കൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട നായികമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. അഭിനയത്തിൽനിന്നു വിട്ടുനിൽക്കുകയാണെങ്കിലും നൃത്തപരിപാടികളും മറ്റുമായി സജീവമാണ് ദിവ്യയുടെ കലാജീവിതം. ദിവ്യ മാത്രമല്ല, ദിവ്യയുടെ അനിയത്തി വിദ്യ ഉണ്ണിയും അഭിനയ രംഗത്ത് ഉണ്ടായിരുന്നു. ഇന്ന് അനിയത്തിയ്ക്കൊപ്പമുള്ള ഒരു പഴയകാല ചിത്രവും പുതിയ ചിത്രവുമാണ് ദിവ്യ ഉണ്ണി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
എന്‍ജിനിയറിങ്ങ് വിദ്യാർത്ഥിയായിരിക്കെയാണ് ‘ഡോക്ടര്‍ ലവ്’ (2011) എന്ന ചിത്രത്തിലൂടെ വിദ്യ അഭിനയത്തിലേക്കെത്തുന്നത്. ആ വർഷം മികച്ച പുതുമുഖ നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയിരുന്നെങ്കിലും അഭിനയത്തിൽ വിദ്യ അത്ര സജീവമല്ലായിരുന്നു. ഡാൻസർ കൂടിയായ വിദ്യ സഹോദരി ദിവ്യ ഉണ്ണിയ്ക്കൊപ്പം നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലും സജീവമായി പങ്കെടുത്തിരുന്നു. ‘ത്രിജി തേർഡ് ജനറേഷൻ’ എന്നൊരു ചിത്രത്തിലും വിദ്യ അഭിനയിച്ചിരുന്നു. ചില ടെലിവിഷൻ ഷോകളുടെ അവതാരകയായും വിദ്യ ഉണ്ണി പ്രവർത്തിച്ചിരുന്നു.
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ദിവ്യ ഉണ്ണി. കഴിഞ്ഞ ജനുവരിയിൽ ദിവ്യയുടെ ജീവിതത്തിലേക്ക് ഒരു മാലാഖ കുഞ്ഞ് കൂടി എത്തിയിരുന്നു. ജനുവരി 14ന് ആയിരുന്നു ദിവ്യയുടെ മൂന്നാമത്തെ കുഞ്ഞ് ഐശ്വര്യയുടെ ജനനം.






