
ന്യൂഡൽഹി : 2019 ലോകകപ്പ് സെമിയിൽ ന്യൂസീലൻഡിനോട് തോറ്റ് ഇന്ത്യൻ ടീം പുറത്തായതിനു ശേഷം എം.എസ് ധോനി പിന്നീട് ഇതുവരെ ടീം ഇന്ത്യയുടെ ഭാഗമായിട്ടില്ല. ബി.സി.സി.ഐ വാർഷിക കരാറിൽ നിന്ന് ധോനിയെ ഒഴിവാക്കിയതോടെ താരത്തിന്റെ വിരമിക്കലിനെ കുറിച്ച് അഭ്യൂഹങ്ങളും ഉയർന്നിരുന്നു.
ധോനി ഇന്ത്യൻ ടീമിൽ തിരിച്ചെത്തുമോ അതോ അദ്ദേഹം അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ചോ തുടങ്ങിയ ചോദ്യങ്ങൾ ആരാധകർ ചോദിക്കാൻ തുടങ്ങിയിട്ട് വർഷം ഒന്ന് കഴിഞ്ഞു. ഇക്കാര്യത്തിലെല്ലാം മൗനം പാലിക്കുകയാണ് ഇതുവരെ ധോനി ചെയ്തത്. ഏപ്രിലിൽ ഐ.പി.എല്ലിൽ കളിച്ച് ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്താനുള്ള ശ്രമങ്ങൾ അദ്ദേഹം നടത്തുകയാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ കോവിഡ്-19 രോഗവ്യാപനത്തെ തുടർന്ന് രാജ്യം ലോക്ഡൗണിലായതോടെ ആ പ്രതീക്ഷയും അവസാനിച്ചു. ധോനിക്ക് ടീമിൽ തിരിച്ചെത്താനുള്ള അവസാനത്തെ അവസരമാണ് ഐ.പി.എൽ എന്നായിരുന്നു വിലയിരുത്തൽ. ഈ വർഷത്തെ ഐ.പി.എൽ യു.എ.ഇയിൽ നടക്കുമെന്ന് ഉറപ്പായതോടെ ധോനി ആരാധകർ വീണ്ടും പ്രതീക്ഷയിലാണ്.
എന്നാലിപ്പോഴിതാ ഐ.പി.എൽ ടൂർണമെന്റിന് ധോനിയുടെ ദേശീയ ടീമിലെ ഭാവിയുടെ കാര്യത്തിൽ യാതൊരുവിധ സ്വാധീനവും ചെലുത്താനാകില്ലെന്നാണ് മുൻ താരം ആശിഷ് നെഹ്റയുടെ അഭിപ്രായം. ധോനി ഇന്ത്യക്കായി അവസാന മത്സരം കളിച്ച് കഴിഞ്ഞുവെന്നും ഐ.പി.എല്ലിന്റെ പതിമൂന്നാം പതിപ്പിനെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ധോനിയുടെ ഭാവി നിർണയിക്കുന്ന ഒരു വേദിയായി കാണരുതെന്നും നെഹ്റ പറയുന്നു.
''എം.എസ് ധോനിയുടെ അന്താരാഷ്ട്ര കരിയറിനെ സംബന്ധിച്ച് ഐ.പി.എല്ലിന് ഇനി യാതൊന്നും ചെയ്യാനില്ല. അദ്ദേഹം കളിക്കാൻ തയ്യാറാണെങ്കിൽ നിങ്ങൾ ഒരു സെലക്ടറോ ക്യാപ്റ്റനോ കോച്ചോ ആണെങ്കിൽ എം.എസ് ധോനിയായിരിക്കും നിങ്ങളുടെ പ്രധാനപ്പെട്ട താരം. എന്റെ പട്ടികയിലെയും ഒന്നാം സ്ഥാനക്കാരൻ ധോനി തന്നെയാണ്.'' - സ്റ്റാർ സ്പോർട്സിലെ ക്രിക്കറ്റ് കണക്ട് എന്ന പരിപാടിയിൽ പങ്കെടുക്കവെ നെഹ്റ പറഞ്ഞു.
''ധോനി ഇന്ത്യയ്ക്കായി സന്തോഷത്തോടെ അവസാന മത്സരം കളിച്ചുകഴിഞ്ഞിരിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹത്തിന് ഇനിയൊന്നും തെളിയിക്കാനില്ല. ധോനി വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലാത്തതു കൊണ്ടാണ് മാധ്യമപ്രവർത്തകരടക്കം നമ്മൾ എല്ലാവരും ഇക്കാര്യം ചർച്ച ചെയ്യുന്നത്. ധോനിയുടെ മനസിൽ എന്താണെന്നുള്ള കാര്യം അദ്ദേഹത്തിനു മാത്രമേ പറയാനാകൂ.'' - നെഹ്റ കൂട്ടിച്ചേർത്തു.
ഫിനിഷർ, മിഡിൽ ഓർഡർ ബാറ്റ്സ്മാൻ എന്നീ നിലയിൽ ധോനിയുടെ ഫോം ലോകകപ്പിനു മുമ്പു തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹത്തിന്റെ ബാറ്റിങ് കുറഞ്ഞിട്ടില്ലെന്നാണ് നെഹ്റയുടെ അഭിപ്രായം. അവസാന മത്സരത്തിൽ പോലും ധോനി ക്രീസിലുണ്ടായിരുന്ന സമയമത്രയും ഇന്ത്യ ഫൈനലിലെത്തുമെന്ന പ്രതീക്ഷയുണ്ടായിരുന്നെന്നും അദ്ദേഹം പുറത്തായതോടെയാണ് ആ പ്രതീക്ഷ നഷ്ടമായതെന്നും നെഹ്റ കൂട്ടിച്ചേർത്തു.






