
കണ്ണൂർ : മട്ടന്നൂരിൽ രണ്ടാം ക്ലാസ് വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ അധ്യാപകനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പട്ടാന്നൂർ യുപി സ്കൂളിലെ അധ്യാപകനായ വിപിനെതിരെയാണ് മട്ടന്നൂർ പൊലീസ് നടപടി സ്വീകരിച്ചത്.
ഈ മാസം 16-നാണ് സംഭവം നടന്നത്. ബോർഡിൽ എഴുതിയത് പകർത്താൻ വൈകിയതിനാൽ വിദ്യാർഥിയുടെ മുതുകിൽ അധ്യാപകൻ കൈകൊണ്ട് മർദിച്ചതായാണ് പരാതി. മർദനത്തെ തുടർന്ന് കുട്ടിക്ക് പുറംവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ ചികിത്സ തേടി.
ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ സംഘം വീട്ടിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പിന്നാലെ കുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് ഇന്നലെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.






