
വെയറബിള്‍ ഉപകരണ ബ്രാന്‍ഡായ ഫിറ്റ്ബിറ്റിനെ ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് ഗൂഗിളിൾ. ഇതിനെതിരെ യൂറോപ്യന്‍ യൂണിയന് അന്വേഷണം പ്രഖ്യാപിച്ചതായി സൂചന. ഫിറ്റ്ബിറ്റിനെ ഗൂഗിള്‍ ഏറ്റെടുക്കുന്നതിലൂടെ പരസ്യവിതരണത്തിനായി ഉപയോക്താക്കളുടെ ആരോഗ്യവിവരങ്ങള്‍ ഉപയോഗപ്പെടുത്തുമെന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
ഫിറ്റ്ബിറ്റ് ഏറ്റെടുത്തുകൊണ്ട് 210 കോടി ഡോളര്‍ ഇടപാടിന് ഗൂഗിള്‍ ധാരണയായത് കഴിഞ്ഞ വര്‍ഷമാണ്. ഈ ഇടപാട് ഇതുവരെ പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല. ഈ ഇടപാടിലൂടെ വ്യക്തിഗതമായ പരസ്യ വിതരണത്തിന് ഉപയോഗിക്കാവുന്ന വിധത്തിലുള്ള വലിയ അളവിലുള്ള ഡാറ്റ ഉപയോഗിച്ച് ഓണ്‍ലൈന്‍ പരസ്യ വിപണിയില്‍ ഗൂഗിള്‍ തങ്ങളുടെ ശക്തി വര്‍ധിപ്പിക്കുമോ എന്ന് യൂറോപ്യന്‍ കമ്മീഷന് ആശങ്കയുണ്ട്.
റിപ്പോർട്ട് അനുസരിച്ച് അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നാണ് ഗൂഗിളിന്റെ പ്രതികരണം. ഡിസംബര്‍ ഒമ്പതിന് മുമ്പായി അന്വേഷണം പൂര്‍ത്തിയാക്കും. ആഗോള വിപണിയില്‍ ആപ്പിള്‍, ഷാവോമി, സാംസങ്, വാവേ തുടങ്ങിയ കമ്പനികള്‍ക്ക് പിന്നിലാണ് ഫിറ്റ്ബിറ്റ്. ഫിറ്റ്ബിറ്റ എന്ന് വെയറബിള്‍ ഉപകരണ ബ്രാന്‍ഡ് പത്ത് കോടിയിലധികം ഉപകരണങ്ങള്‍ വില്പന ചെയ്തിട്ടുണ്ട്. ഇതില്‍ മൂന്ന്കോടിയിലധികം സജീവ ഉപയോക്താക്കളുണ്ട്. 2009 ല്‍ ആണ് ഫിറ്റ്ബിറ്റ ആരംഭിച്ചത്.






