
മൂന്നാര്‍: മൂന്നാര്‍ രാജമലയില്‍ പെട്ടിമുടിയില്‍ ജനവാസമേഖലയായ എസ്റ്റേറ്റ് ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു. നിരവധിപേര്‍ കുടുങ്ങിയതായി സംശയിക്കുന്നുണ്ട്. മൂന്ന് പേരെ മണ്‍കൂനയില്‍ നിന്ന് പുറത്തെടുത്തു. ഇവര്‍ മരിച്ചതായി സംശയമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.
പോലീസും ഫയര്‍ഫോഴ്സും ഇവിടേയ്ക്ക് തിരിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് 20 ലധികം വീടുകള്‍ ഉണ്ടെന്നാണ് വിവരം. രാത്രിയിലായിരുന്നു മണ്ണിടിഞ്ഞതാണെന്ന് സംശയം. ഇന്നു രാവിലെ തോട്ടം തൊഴിലാളികള്‍ വനംവകുപ്പില്‍ വന്ന് അറിയിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
എസ്റ്റേറ്റിന്റെ ഭാഗമായിട്ടുള്ള ലയമാണ്. 80 ലധികം പേര് താമസിക്കുന്ന സ്ഥലമാണ് ഇവിടം. തമിഴ്സ്വദേശികളായ തോട്ടം തൊഴിലാളികളാണ് കൂടുതല്‍. നിലവിലെ സ്ഥിതിയില്‍ സ്ഥലത്തേക്ക് എത്തിപ്പെടുക വലിയ ബുദ്ധിമുട്ടാണ്. അതുകൊണ്ടു തന്നെ രക്ഷാപ്രവര്‍ത്തനങ്ങള്‍ വൈകുകയാണ്. മൂന്നാര്‍ രാജമല പാതയിലെ പെരിയവര പാലം ഒലിച്ചു പോയിരിക്കുകയാണ്.
അതുകൊണ്ടുതന്നെ രണ്ടു മണിക്കൂറോളം എടുത്ത് ചുറ്റിവേണം ഇവിടെയെത്താന്‍. നേരിട്ട് എത്തുക സാധ്യമല്ലാത്തതിനാല്‍ മറ്റ് എസ്റ്റേറ്റുകള്‍ വഴി ചുറ്റി വേണം ഇവിടേയ്ക്ക് എത്താന്‍ കഴിയു.വൈദ്യുതി ബന്ധങ്ങള്‍ തകരാറിലായിരിക്കുകയാണ്. ടെലിഫോണ്‍ സിഗ്നല്‍ കിട്ടാനും പ്രയാസം നേരിടുകയാണ്.
പുറത്തെത്തിച്ച മൂന്ന് പേര് മരണമടഞ്ഞതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം ഇവിടെ മഴ ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ ഇവരോട് മാറിത്താമസിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തോട്ടം തൊഴിലാളികള്‍ ആയതിനാല്‍ രാവിലെ തന്നെ ജോലിക്ക് പോകുന്നവരാണ് ഇവിടെ കൂടുതലും.






