
തിരുവനന്തപുരം: പുതുയുഗ നിര്‍മിതി പരാമര്‍ശിച്ച് ആരംഭിച്ച കന്നിബജറ്റ് അവതരണം ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശന്‍ അവസാനിപ്പിച്ചത് വികസനത്തെ വിഭാവനം ചെയ്‌ത് സ്വാതന്ത്ര്യദിനത്തലേന്നു പ്രഥമപ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റു നടത്തിയ പ്രസംഗത്തിലെ വാചകങ്ങള്‍ ഉദ്ധരിച്ച്.
'' ഭാവി നമ്മളെ വിളിക്കുകയാണ്. ഏതു ദിശയിലാണ് നമ്മള്‍ പോകേണ്ടത്? എത്ര കഠിനമായ അധ്വാനമാണ് ചെയ്യേണ്ടത്? കൃഷിക്കാരും തൊഴിലാളികളുമായുളള സാധാരണ പൗരന്‍മാര്‍ക്ക് എല്ലാ അവസരങ്ങളും പൂര്‍ണ സ്വാതന്ത്ര്യവും ഉറപ്പാകണം. പട്ടിണിയെ, രോഗാവസ്‌ഥകളെ, വിദ്യാഭ്യാസത്തിന്റെ കുറവിനെ ശക്‌തമായി നേരിടണം. ജനാധിപത്യവും സമ്പദ്‌സമൃദ്ധിയും പുരോഗമനോന്മുഖവുമായ ഒരു നാടിനെ കെട്ടിപ്പടുക്കാനായി പ്രയത്‌നിക്കുക. എല്ലാവര്‍ക്കും നീതിയും ജീവിതത്തിന്റെ നിറവും പ്രദാനം ചെയ്യുന്ന സാമൂഹിക രാഷ്‌ട്രീയസാമ്പത്തിക സംവിധാനം
കെട്ടിപ്പടുക്കുകയാവണം നമ്മുടെ ആത്യന്തിക ലക്ഷ്യം' എന്ന വാചകങ്ങളാണ് മുഖ്യമന്ത്രി സതീശന്‍ ഉദ്ധരിച്ചത്. 'വിധിയുമായുളള മുഖാമുഖം' എന്ന പണ്ഡിറ്റ്‌ജിയുടെ വിശ്വവിഖ്യാതമായ പ്രസംഗത്തില്‍ നിന്നുള്ള വരികളാണിത്.
വികസനമെന്നത് കേവലം പശ്‌ചാത്തല സൗകര്യ വികസനമല്ല. മറിച്ച്,
ജനങ്ങളോടുള്ള കരുതലും അവര്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളുന്ന
ഒന്നായിരിക്കണം എന്നതാണ് ഈ സര്‍ക്കാരിന്റെ കാഴ്‌ചപ്പാട് എന്നും സതീശന്‍ വ്യക്‌തമാക്കി. പദ്ധതികളും പരിപാടികളും വേഗത്തിലാക്കി വികസനത്തിന്റെ ഫലങ്ങള്‍ എല്ലാ
കേരളീയരിലേക്കുമെത്തിക്കാന്‍ സഹായകരമാകുന്ന, വിവര അധിഷ്‌ഠിതവും ജനതയെ ഹൃദയത്തോട് ചേര്‍ക്കുന്നതുമായ ഭരണസംവിധാനം കെട്ടിപ്പടുക്കുകയാണു സര്‍ക്കാരിന്റെ ലക്ഷ്യം.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ദുര്‍ബലര്‍ക്കും കരുതലും സഹായവും ഉറപ്പാക്കുന്ന, ചലനാത്മകവും ഊര്‍ജസ്വലവുമായതും സാങ്കേതികവിദ്യയോടൊപ്പം
സാമൂഹികനീതിയിലും അധിഷ്‌ഠിതമായ ഒരു സംവിധാനമായിരിക്കുമത്. എല്ലാ ജനവിഭാഗങ്ങള്‍ക്കിടയിലും സഹകരണവും ഐക്യവും ഉറപ്പു വരുത്തി, കേരള ജനതയുടെ പിന്തുണയോടെയും മഹനീയമായ ഈ സഭയുടെ സഹകരണത്തോടെയും സഹാനുഭൂതിയുളള ഭരണം കാഴ്‌ചവച്ച് ഭാവിതലമുറയ്‌ക്ക് അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും സ്വായത്തമാക്കാവുന്ന ഒരു പുതുയുഗ വികസിത കേരളം നമുക്ക് ഒരുമിച്ച്
സൃഷ്‌ടിക്കാമെന്നും ബജറ്റ് പ്രസംഗത്തില്‍ മുഖ്യമന്ത്രി ആഹ്വാനം ചെയ്‌തു.






