
പത്തനംതിട്ട: വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തതിനെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പമ്പാ ഡാം തുറക്കാന്‍ സാധ്യത. പമ്പ ജല സംഭരണിയുടെ പരമാവധി ജലനിരപ്പ് 986.33 മീറ്ററും നീല അലര്‍ട്ട് ലവല്‍ 982.00 മീറ്ററും ആയി നിജപ്പെടുത്തിയിട്ടുണ്ട്. ഇന്നു (ഓഗസ്റ്റ് 8) പുലര്‍ച്ചെ 1.30ന് ജലനിരപ്പ് 982.00 മീറ്റര്‍ എത്തിയതിനാല്‍ നീല അലര്‍ട്ട് പ്രഖ്യാപിച്ചു. പമ്പാ നദിയുടെ തീരത്തള്ളവര് ജാഗ്രത പുലര്‍ത്തണം.
ശബരിമല വനത്തിനുള്ളില്‍ അയ്യന്മലയിലും അച്ചന്‍കോവിലിലും ഉരുള്‍ പൊട്ടിയതിനെത്തുടര്‍ന്ന് പമ്പ, അച്ചന്‍കോവില്‍ നദികള്‍ കരകവിഞ്ഞു. പമ്പ ത്രിവേണിയും റാന്നിയും മുങ്ങി. മൂഴിയാര്‍ ഡാമും മണിയാര്‍ ബാരേജും തുറന്നുവിട്ടു. സ്വകാര്യ വൈദ്യുതി പദ്ധതികളായ അള്ളുങ്കല്‍, കാരിക്കയം ഡാമുകള്‍ കവിഞ്ഞൊഴുകി.
പി.ടി.ആര്. മേഖലയിലെ കനത്ത മഴയെത്തുടര്‍ന്ന് മഹാപ്രളയത്തിന് സമാനമായി ത്രിവേണി, പമ്പ ഭാഗങ്ങളില്‍ വെള്ളം കയറി. ത്രിവേണി പാലവും നടപ്പാതയും കവിഞ്ഞൊഴുകുന്നു. പമ്പാ നദി ഗതിമാറി സര്‍വീസ് റോഡ് വരെ നിരന്നൊഴുകുകയാണ്.
കഴിഞ്ഞ പ്രളയത്തില നാശം നേരിട്ട പമ്പ ടോയ്ലറ്റ് ബ്ലോക്കിന്റെ താഴത്തെ നില പൂര്‍ണമായും മുങ്ങി. ആറാട്ടുകടവ് മേല്‍ക്കൂര വരെയും മുങ്ങി. അന്നദാനമണ്ഡപത്തിന്റെ ചുറ്റും വെള്ളം കയറി. ത്രിവേണി ഭാഗത്തുനിന്നു വെള്ളം സര്‍വീസ് റോഡ് വഴി ഒഴുകുന്നുണ്ട്. കക്കി, ആനത്തോട് ഡാമുകളില്‍ ജലനിരപ്പ് കുറവാണെന്നും ഇപ്പോള്‍ തുറക്കേണ്ടിവരില്ലെന്നും ജില്ലാ കലക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.
അച്ചന്കോവിലിലിലെ ഉരുള്‍പൊട്ടലില്‍ അകപ്പെട്ട കാട്ടാനക്കുട്ടിയുടെ ജഡം പന്തളം വലിയപാലത്തില്‍ തട്ടിനിന്നത് വനം, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് കരയ്ക്കടുപ്പിച്ചു.






