
മേശപ്പുറത്ത് നിന്നും താഴേയ്ക്ക് വീഴുന്നത് പോലെ. കരിപ്പൂരില്‍ ഇന്നലെ അപകടമുണ്ടാക്കിയ ടേബിള്‍ ടോപ്പ് റണ്‍വേയില്‍ നിന്നുള്ള വിമാനത്തിന്റെ വീഴ്ചയെ ഇങ്ങിനെയാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. താഴ്വാരങ്ങളുടെ നടക്ക് കുന്നിന്മുകളിലെ നിരപ്പായ പ്രദേശത്ത് നിര്‍മിക്കുന്ന റണ്‍വേയാണ് ടേബിള്‍ ടോപ്പ് റണ്‍വേ. റണ്‍വേയുടെ ഒരറ്റമോ അല്ലെങ്കില്‍ രണ്ടറ്റമോ വലിയ താഴ്ചയില്‍ ആയിരിക്കാം. അതുകൊണ്ടുതന്നെ ലാന്‍ഡിങ് അതീവ ശ്രദ്ധ വേണ്ട കാര്യമാണ്. ലാന്‍ഡിങ്ങിനിടെ ഉണ്ടാകുന്ന ചെറിയ പിഴവുപോലും വലിയ അപകടം സൃഷ്ടിക്കാം.
അതുകൂടാതെ ലാന്‍ഡിങ്ങിനിടെ റണ്‍വേ താഴെയുള്ള സമതലത്തിന്റെ അതേനിരപ്പിലാണെന്ന മായകാഴ്ച(ഒപ്ടിക്കല്‍ ഇല്യൂഷന്‍) പൈലറ്റിന്റെ ദൃഷ്ടിയില് സൃഷ്ടിക്കാനും ടേബിള്‍ ടോപ്പ് റണ്‍വേ ഇടവരുത്തുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കോക്പിറ്റില്‍ നിന്നുള്ള പൈലറ്റിന്റെ കാഴ്ചയില്‍ ഒന്നുകില്‍ റണവേ ദൂരെയായി കാണുക. അല്ലെങ്കില്‍ അടുത്താണെന്ന് തോന്നിപ്പിക്കുക.
കരിപ്പുര്‍ വിമാനത്താവളത്തിനു പുറമേ മംഗലാപുരം വിമാനത്താവളത്തിലും മിസോറമിലെ ലെങ് പുയി വിമാനത്താവളത്തിലുമാണ് രാജ്യത്ത് ടേബിള്‍ ടോപ്പ് റണ്‍വേയുള്ളത്. കരിപ്പൂരില്‍ മോശം കാലാവസ്ഥ പൈലറ്റിന്റെ കാഴ്ചയെ തടസ്സപ്പെടുത്തിയിരിക്കാമെന്ന് കരുതുന്നു. റണ്‍വേയിലൂടെ ഓടിയെത്തിയ വിമാനം അതും കടന്ന് താഴ്ചയിലേക്ക് വീണു. റണ്‍വേയുടെ ഒരറ്റത്ത് ലാന്റ് ചെയ്ത് ഓടിവേഗം കുറച്ചാണ് നിര്‍ത്താറുള്ളത്. എന്നാല്‍ കാഴ്ച തടസ്സപ്പെട്ട് ഏറെ മുന്നിലായി ലാന്‍ഡ് ചെയ്യപ്പെട്ടാല്‍ റണ്‍വേയും കടന്ന് അപകടമുണ്ടാകും.
മംഗലാപുരം വിമാനത്താവളത്തില്‍ 2010 മെയ് 22 ന് സമാനരീതിയില്‍ ഉണ്ടായ അപകടത്തില്‍ ജീവനക്കാരടക്കം 158 പേര് മരിച്ചിരുന്നു. ഇവിടെയും അപകടത്തില്‍ പെട്ടത് എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനമായിരുന്നു. കരിപ്പൂരിലേതു പോലെ ടേബിള്‍ ടോപ്പ് റണ്വേയായായിരുന്നു മംഗലാപുരം വിമാനത്താവളത്തിലും അപകടമുണ്ടാക്കിയത്. അതേസമയം സംസ്ഥാനത്ത് യാത്രാ വിമാനം തകര്‍ന്ന് ആദ്യ ദുരന്തമാണ് ഇന്നലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉണ്ടായത്.
റണ്‍വേയില്‍ നിന്ന് തെന്നി മാറി 35 അടി താഴ്ചയിലേക്ക് മറിഞ്ഞതോടെ വിമാനം മൂന്നുകഷണമായി മുറിഞ്ഞു. മധ്യഭാഗത്തുള്ളവരും പിന്‍ഭാഗത്തുള്ളവരും കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. മിക്കവരും സീറ്റ്ബെല്‍റ്റ് അഴിച്ചിട്ടില്ലാത്തത് പരിക്കിന്റെ ആഘാതം കുറച്ചു. മിക്ക യാത്രക്കാരും സീറ്റിനിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു. വിമാനം ക്രോസ് റോഡില്‍ വിമാനത്താവള വളപ്പിന്റെ മതില് തകര്‍ത്ത് ഒരു ഭാഗം പുറത്തേക്കു വന്നു.
1998 ല്‍ കരിപ്പൂര്‍ വിമാനത്താവളം തുറന്ന ശേഷം ഉണ്ടായ ആദ്യ ദുരന്തമാണിത്. നേരത്തെയും ഇവിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയിരുന്നു.എന്നാല്‍ മരണത്തിലേക്ക് നയിച്ചിരുന്നില്ല. റണ്‍വേ റീ കാര്‍പ്പെറ്റിംഗിനായി രണ്ടു വര്‍ഷത്തോളം കരിപ്പൂര്‍ വിമാനത്താവളം അടച്ചിട്ടിരുന്നു. ഒരു വര്‍ഷം മുമ്പാണ് സര്‍വീസിനായി തുറന്നു കൊടുത്തത്. ഇതോടൊപ്പം പുതിയ ടെര്‍മിനല്‍ കെട്ടിടവും തുറന്നിരുന്നു. റണ്‍വേ റീകാര്‍പെറ്റ് ചെയ്തപ്പോള്‍ റണ്‍വേയുടെ നീളം 150 മീറ്റര്‍ കുറച്ചിരുന്നു.
ആദ്യം ചെറിയ വിമാനങ്ങള്‍ക്കാണ് അനുമതി ഉണ്ടായിരുന്നത്. പിന്നീടാണ് വലിയ വിമാനങ്ങള്‍ സര്‍വീസ് പുനരാരംഭിച്ചത് . ഇടുക്കിയിലെ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ സംസ്ഥാനം കണ്ണീര് വാര്‍ക്കുമ്പോഴാണ് അപ്രതീക്ഷിതമായി വിമാന ദുരന്ത വാര്‍ത്ത എത്തിയത്. കനത്ത മഴയായിരുന്നു ഇന്നലെ കരിപ്പൂരില്‍. ഇതിനു മുമ്പും സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ വിമാനങ്ങള്‍ തെന്നി മാറിയിട്ടുണ്ടെങ്കിലും മരണത്തിലേക്കു നയിച്ച അപകടം ഉണ്ടായിട്ടില്ല.






