
പാരീസ്: ലോകഫുട്ബോളിലെ സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോളുകളും യുവന്റസിന് യുവേഫാ ചാംപ്യന്‍സ് ലീഗില്‍ തുണയായില്ല. ഫ്രഞ്ച് ക്ലബ്ബ് ഒളിമ്പിക് ലിയോണിനെ തോല്‍പ്പിച്ചെങ്കിലും എവേ ഗോളിന്റെ പിന്‍ബലത്തില്‍ ലിയോണ്‍ യുവന്റസിനെ മറികടന്ന് ആദ്യ എട്ടില്‍ ഇടം നേടി. രണ്ടു തവണ എതിരാളികളുടെ വലയില്‍ പന്തെത്തിച്ചെങ്കിലും അഗ്രിഗേറ്റ് സ്കോര്‍ 2 - 2 എന്ന നിലയിലായതോടെ ഇറ്റാലിയന്‍ ക്ലബ്ബിനെ മറികടക്കാന്‍ ഫ്രഞ്ച് ക്ലബ്ബിനായി.
കളിയുടെ 12 ാം മിനിറ്റില്‍ ഡച്ച് താരം മെംഫിസ് ഡീപ്പേയുടെ പെനാല്‍റ്റി ഗോളില്‍ ആദ്യം മുന്നിലെത്തിയത് ലിയോണായിരുന്നു. ആദ്യ പാദത്തില്‍ 1-0 ന് നേടിയ ജയമാണ് തുണയായത്. 43 ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി മുതലാക്കി ഒപ്പമെത്തിയ യുവന്റസിന് 60 ാം മിനിറ്റില്‍ മറ്റൊരു ഗോള്‍ കൂടി നേടാനായെങ്കിലൂം കൂടുതല്‍ ഗോള്‍ കണ്ടെത്താന്‍ കഴിയാതായതോടെ വീണു.
ക്വാര്‍ട്ടറില്‍ ലിയോണിന്റെ എതിരാളികള്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ്. 1996 ന് ശേഷം ചാംപ്യന്‍സ് ലീഗ് കിട്ടാക്കനിയായി തുടരുന്ന യുവന്റസിന്റെ കാത്തിരിപ്പ് നീണ്ടു. ടീമിലെ മുഴുവന്‍ പേരും 30 കഴിഞ്ഞവരായിരുന്ന യുവന്റസിന് പുറത്തായത് മറ്റൊരു തിരിച്ചടിയാണ്. സീരി എയില്‍ കിരീടം നേടാനായെങ്കിലും കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം നടന്ന എട്ടു മത്സരങങ്ങളില് രണ്ടെണ്ണത്തില്‍ മാത്രമാണ് അവര്‍ക്ക് ജയിക്കാനായത്.
അതേസമയം ക്രിസ്ത്യാനോ ഈ സീസണില്‍ ഗോള്‍ നേട്ടം 37 ആക്കി. ഒരു സീസണില്‍ യുവന്റസിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേട്ടം നടത്താന്‍ താരത്തിനായി. ക്ലബ്ബിന്റെ ഇതിഹാസ താരം ഫെലിസ് ബൊറേല്‍ 1933-34 സീസണില്‍ കുറിച്ച 36 ഗോളുകളുടെ വര്‍ഷങ്ങള്‍ പഴക്കമുള്ള റെക്കോഡാണ് ക്രിസ്ത്യാനോ തകര്‍ത്തത്.
റൊണാള്‍ഡോ കൊണ്ടു മാത്രം 25 വര്‍ഷമായുള്ള ചാംപ്യന്‍സ് ലീഗിനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവാണ് യുവന്റസ് പരിശീലകന് സാറിക്ക് കിട്ടിയിരിക്കുന്നത്. റോഡ്രിഗോ ബെന്റാകുര്‍ ലിയോണിന്റെ ഹൗസം ഓയറെ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. വളരെ സുന്ദരമായി പനേങ്കാ കിക്കിലൂടെ മെംഫിസ് ഡീപ്പേ വലയിലാക്കുകയും ചെയ്തു.




