
ന്യൂഡല്‍ഹി: മദ്യലഹരിയില്‍ കോളജ് വിദ്യാര്‍ത്ഥി ഓടിച്ച കാര്‍ ഇടിച്ചുകയറി പോലീസ് കോണ്‍സ്റ്റബിള്‍ മരിച്ചു. വടക്കന്‍ ഡല്‍ഹിയില്‍ ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്. കോളജ് വിദ്യാര്‍ത്ഥി ഓടിച്ച കാര്‍ പോലീസ് പട്രോളിംഗ് ജീപ്പിലേക്ക് ഇടിച്ചുകയറിയതിനെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥന് പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
സിംഗപ്പൂരില്‍ വിദ്യാര്‍ത്ഥിയായ യുവാവ് അപകട സമയത്ത് മദ്യലഹരിയിലായിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഖല്‍സ കോളജിന് സമീപത്ത് വച്ചാണ് പോലീസ് പട്രോളിംഗ് വാഹനത്തിലേക്ക് ഇയാളുടെ കാറിടിച്ച് കയറിയത്. മറ്റൊരു പോലീസുകാരന് കൂടി ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
നോര്‍ത്ത് ഡല്‍ഹി സ്വദേശിയായ തുഷാര്‍ ഗുപ്തയാണ് കാറോടിച്ചിരുന്നത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ 10-15 അടി മുകളിലേക്ക് ഉയര്‍ന്ന പൊങ്ങിയ ശേഷമാണ് കാറ് നിലംപതിച്ചതെന്ന് പോലീസ് വ്യക്തമാക്കി. നിലംപതിച്ച കാര്‍ തലകുത്തനെ മറിയുകയും ചെയ്തു.
വസീര്‍ സിംഗ് എന്ന പോലീസുദ്യോഗസ്ഥനാണ് മരിച്ചത്. ഇയാള്‍ കാറിനകത്ത് കുടുങ്ങിയ നിലയിലായിരുന്നു. മുന്‍ വശത്തെ പാസഞ്ചര്‍ സീറ്റിലായിരുന്നു വസീര്‍ സിംഗ്. പോലീസ് വാഹനത്തിന്‍െ്റ ഡ്രൈവര്‍ അമിത്തിനും പരുക്കേറ്റിരുന്നുവെങ്കിലും ഇയാള്‍ക്ക് പുറത്തിറങ്ങാനായി. തുടര്‍ന്ന് അമിത്തിന്െ്റ നേതൃത്വത്തിലാണ് വസീര്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വസീര്‍ മരണത്തിന് കീഴടങ്ങി.






