
അമിതാഭ് ബച്ചനെ അമ്പരപ്പിച്ച ഗായിക ആര്യ ദയാലിന്റെ പുതിയ ഫ്യൂഷനും ഹിറ്റായി. സിഐഡി മൂസ vs പ്രൊഫസർ എന്ന പേരിലാണ് ആര്യ യുട്യൂബിൽ വീഡിയോ പങ്കുവെച്ചത്. സിഐഡി മൂസയിലെ ബാക്ക്ഗ്രൌണ്ട് മ്യൂസിക്കും മണി ഹൈസ്റ്റ് എന്ന വെബ് സീരീസിലെ പാട്ടും ചേർത്തുള്ള ഫ്യൂഷനാണ് ആര്യ ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോ ഇതിനകം തന്നെ അഞ്ച് ലക്ഷത്തോളം പേര് കണ്ടുകഴിഞ്ഞു.
സഖാവ് എന്ന കവിത ചൊല്ലിയാണ് കണ്ണൂരുകാരിയായ ആര്യ ദയാല്‍ ശ്രദ്ധിക്കപ്പെട്ടത്. ബിഗ് ബിയുടെ അഭിനന്ദനം നേടിയതോടെ ആര്യ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. തന്റെ ആശുപത്രി ദിനങ്ങളെ ആര്യയുടെ ഗാനം മനോഹരമാക്കി എന്നാണ് ബച്ചന് കുറിച്ചത്. കർണാടക സംഗീതത്തിലെ സ്വരങ്ങള്‍ക്കും കഥകളിപ്പദത്തിനൊപ്പം പോപ് ഗാനവും ചേര്‍ത്ത് അമ്പരപ്പിക്കുന്ന പ്രകടനമാണ് ആര്യ നടത്തിയത്.
''ഒരു സുഹൃത്താണ് എനിക്ക് ഈ വീഡിയോ അയച്ചു തന്നത്. ഇതാരാണ് എന്നെനിക്കറിയില്ല. പക്ഷേ ഒരു കാര്യം എനിക്ക് പറയാനാകും, പ്രത്യേക കഴിവുള്ള കുട്ടിയാണ്. ദൈവം അനുഗ്രഹിക്കട്ടെ.. ഇതേ പോലെ നല്ല നല്ല പാട്ടുകൾ ചെയ്യൂ. മുമ്പില്ലാത്ത വിധം എന്റെ ആശുപത്രി ദിനങ്ങളെ നീ മനോഹരമാക്കി. കര്‍ണാടക സംഗീതവും വെസ്റ്റേണ്‍ പോപ്പും മിക്സ് ചെയ്യുക... അത്ര എളുപ്പമുള്ള കാര്യമല്ല അത്. പക്ഷേ വളരെ ചടുലമായും എളുപ്പത്തോടെയുമാണ് അവള് അത് ചെയ്തത്... രണ്ട് സ്റ്റൈലിലും യാതൊരു വിധ വിട്ടുവീഴ്ചയ്ക്കും തയ്യാറായിട്ടില്ല. മനോഹരം''- എന്നാണ് കോവിഡ് ചികിത്സയിലിരിക്കെ ബച്ചന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.






