
ശ്രീനഗര്‍ : ബിജെപിയുമായി ബന്ധപ്പെട്ട ആള്‍ക്കാര്‍ക്ക് നേരെ തീവ്രവാദി ആക്രമണം തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ കശ്മീരില്‍ ജീവനില്‍ ഭയന്ന് നേതാക്കളും അണികളുമായി പാര്‍ട്ടി വിടുന്നവരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില് ഒരു ഡസന്‍ ആള്‍ക്കാരാണ് പാര്‍ട്ടി വിട്ടത്. തീവ്രവാദികള്‍ ലക്ഷ്യമിടുന്നുണ്ടോ എന്ന ഭീതിയില്‍ ബിജെപി വിടുന്നതായി പൊതുവേദിയില്‍ പരസ്യമായി വെളിപ്പെടുത്തിയാണ് പലരും പാര്‍ട്ടി വിടുന്നത്.
എല്ലാവര്ക്കും പേടിയാണെന്നും പേടി കൊണ്ട് അവര്‍ രാജിവെയ്ക്കുകയാണെന്നും ബിജെപി ബന്ദിപ്പോരാ ജില്ലാ പ്രസിഡന്റ് അബ്ദുള്‍ റഹിമാന്‍ തിക്രേയെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഞായറാഴ്ച പ്രഭാതസഞ്ചാരത്തിന് പോയ ബിജെപിയുടെ ബദ്ഗാമിലെ ഒബിസി വിംഗ് ജില്ലാ പ്രസിഡന്റ് അബ്ദുള്‍ ഹമീദ് നജറിന് വെടിയേറ്റിരുന്നു. ഇത് തീവ്രവാദി ആക്രമണം ആണെന്നാണ് വിലയിരുത്തല്‍. ഇതിന് പിന്നാലെ അന്നു തന്നെ ബന്ദിപ്പോര യൂണിറ്റ് ജനറല്‍ സെക്രട്ടറി അവ്താര്‍ കൃഷ്ണന് രാജിവെയ്ക്കുകയും ചെയ്തു. ഇക്കാര്യം ഇയാള്‍ പരസ്യമായി പറയുകയും ചെയ്തു. കുള്‍ഗാം ജില്ലയിലെ ക്വാസിഗുണ്ട് ഏരിയയിലെ വെസ്സുവില്‍ വെച്ച് ആഗസ്റ്റ് 6 ന് ബിജെപിയുടെ സര്‍പാഞ്ച് സജാദ് അഹ്മദിനെയും തീവ്രവാദികള്‍ കൊലപെ്ടപുത്തിയിരുന്നു.
അതിന്റെ തലേന്ന് ക്വാസിഗുണ്ടിലെ തന്നെ അഖ്രാം ഗ്രാമത്തില്‍ വെച്ച് മറ്റൊരു ബിജെപി സര്‍പാഞ്ചും തീവ്രവാദികളുടെ ആക്രമണത്തിന് ഇരയായി. പ്രശ്നം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഉടന്‍ ഇടപെടുമെന്നാണ് ബിജെപിയുടെ കേന്ദ്ര നേതാക്കള്‍ പറയുന്നുണ്ടെങ്കിലും അടുത്തിടെ നടന്ന മൂന്ന് കൊലപാതകങ്ങളും അനേകരെയാണ് ഭയപ്പെടുത്തിയിരിക്കുന്നത്. നേതാക്കളെയെല്ലാം ഭയം പിടികൂടി കഴിഞ്ഞു. കശ്മീരിലെ ബിജെപി നേതാക്കളില്‍ തീവ്രവാദികള്‍ ആദ്യം ലക്ഷ്യമിട്ടത് ജൂലൈ 8 ന് ബന്ദിപ്പോരയിലായിരുന്നു. മുതിര്‍ന്ന ബിജെപി നേതാവും സംസ്ഥാന എക്സിക്യുട്ടീവ് അംഗവുമായ ഷെയ്ഖ് വസീം ബാരിയുടെ പാര്‍ട്ടി അംഗങ്ങള്‍ കൂടിയായ പിതാവിനെയും സഹോദരനെയും കൊലപ്പെടുത്തി.
ഇതോടെ ബാരിക്കും കുടുംബത്തിനും സംരക്ഷണം നല്‍കുന്നുണ്ട്. ബാരിക്ക് നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട 12 പേരെ ജമ്മു കശ്മീര്‍ പോലീസ് ടീം പിടികൂടിയിട്ടുണ്ട് എങ്കിലും താഴ്വാരത്തെ പഞ്ചുകള്ക്കോ സര്പ്പാഞ്ചുകള്ക്കോ ഈ സുരക്ഷ കിട്ടുമെന്ന് അവര്‍ കരുതുന്നില്ല. അത് അവരെ ഭീതിപ്പെടുത്തുകയും ചെയ്യുന്നു. കഴിഞ്ഞ 18 മാസമായി പഞ്ചുകളും സര്‍പാഞ്ചുകളും തങ്ങള്‍ക്ക് സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരെ നല്കാന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ എല്ലാവര്ക്കും ഇങ്ങിനെ സുരക്ഷ നല്‍കുക പാടുള്ള കാര്യമാണെന്നാണ് അധികൃതരുടെ പക്ഷം. കഴിഞ്ഞ എട്ടു വര്‍ഷമായി തങ്ങള്‍ സുരക്ഷാ ഭടന്മാര്ക്ക് വേണ്ടി ആവശ്യം ഉന്നയിച്ച് കാത്തിരിക്കുന്നവര്‍ക്ക് പോലും കിട്ടിയിട്ടില്ലെന്ന് കേന്ദ്ര ഭരണപ്രദേശമായ ഇടങ്ങളില്‍ നിന്നുള്ള പഞ്ചായത്ത് നേതാക്കളുടെ ഉന്നതസമിതി പറയുന്നു.
എന്നാല്‍ അടുത്തിടെ പാര്‍ട്ടി വിട്ടവരെല്ലാം താഴ്ന്ന ഘടകങ്ങളിലുള്ളവര്‍ ആണെന്നും അത് കാര്യമാക്കേണ്ടതില്ല എന്നുമാണ് ബിജെപിയുടെ നിലപാട്. ഇതിനൊപ്പം കശ്മീരിലെ മറ്റ് പാര്‍ട്ടികളായ എന്‍സി, പിഡിപി, കോണ്‍ഗ്രസ് എന്നിവരെല്ലാം നിശബ്ദമായിട്ട് ഇരിക്കുകയാണെന്നും അവരുടെ ഓഫീസ് ദീര്‍ഘകാലമായി അടച്ചിട്ടിരിക്കുകയാണ് എന്നും അതുകൊണ്ടാണ് അവരെ തീവ്രവാദികള്‍ ലക്ഷ്യമിടാത്തതെന്നുമാണ് ബിജെപി നേതാക്കള്‍ കണ്ടെത്തുന്ന ന്യായീകരണം.
അതേസമയം ബിജെപി രാഷ്ട്രീയം കളിക്കാന്‍ ശ്രമിക്കുന്നതാാണ് താഴെക്കിടയിലെ നേതാക്കളുടേയോ അണികളുടേയോ ജീവന് അപകടത്തിലാക്കുന്നതെന്ന വാദമുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നത് പാര്‍ട്ടി അടിസ്ഥാനത്തിലായിരുന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം ചിലര്‍ ബിജെപിയില്‍ ചേര്‍ന്നു. പക്ഷേ പാര്‍ട്ടി ഇവര്‍ തങ്ങളുടെ ആള്‍ക്കാരാണെന്ന അവകാശ പ്രകടനമാണ് ജീവന് അപകടത്തിലാക്കിയതെന്ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ചെയര്മാന് ഷഫീഖ് മിര്‍ പറയുന്നു.
അതേസമയം ഇത്തരം ആക്രമണം നടത്തുന്നവര്‍ നേരത്തേ രക്ഷപ്പെട്ടിട്ടുണ്ടാകാം. എന്നാല്‍ ഭാവിയില്‍ അത് നടക്കില്ല. ഭീകരരെ കശ്മീരില്‍ വെച്ചു പൊറുപ്പിക്കില്ല എന്നും കശ്മീരിനെ ഭീകരതയില്‍ നിന്നും മോചിപ്പിക്കുക തന്നെ ചെയ്യുമെന്നും ബിജെപിയുടെ ജമ്മു കശ്മീര്‍ പ്രസിഡന്റ് രവീന്ദര്‍ റെയ്നയുടെ ഭാഷ്യം ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ താഴ്വാരത്ത് മുക്കിലും മൂലയിലും വരെ ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാകയും ബിജെപിയുടെ പതാകയും ഉയരുന്നുണ്ട്. ഇതില്‍ അസഹിഷ്ണുത പൂണ്ട് ബിജെപി നേതാക്കളെ ലക്ഷ്യമിടുന്നത് പാകിസ്താന് അയയ്ക്കുന്ന തീവ്രവാദികളാണ്. എന്നാല്‍ അതിനെയെല്ലാം അതിജീവിച്ച് കശ്മീരിലെ ഓരോ വീടിന് മുകളിലും ഇന്ത്യയുടേയും ബിജെപിയുടെയും പതാക പാറിക്കുമെന്നും റെയ്ന പറയുന്നു. കഴിഞ്ഞ 30 വര്‍ഷമായി നിഷ്ക്കളങ്കരായ മനുഷ്യരെ കൊലപ്പെടുത്തി ഈ മേഖലയഇല് പാകിസ്താന് തേര്‍വാഴ്ച നടത്തുകയായിരുന്നു എന്ന് ഇപ്പോള്‍ ജമ്മു കശ്മീര്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും റെയ്ന പറയുന്നു.






