
തിരുവനന്തപുരം: ലൈഫ് പദ്ധതിക്കുവേണ്ടി റെഡ് ക്രെസന്റുമായി കരാറിനു സാഹചര്യമൊരുക്കിയത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെന്ന സൂചന പുറത്തുവരുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയില്‍ തദ്ദേശഭരണ സെക്രട്ടറിക്ക് നല്കിയ കുറിപ്പ് അനുസരിച്ച് കരാര്‍ അംഗീകരിക്കുകയായിരുന്നു. കുറിപ്പിനൊപ്പം കരാറും അയച്ചുകൊടുത്ത ശിവശങ്കര്‍ 24 മണിക്കൂറിനുളളില്‍ പരിശോധിച്ച് നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു.
2019 ജൂെലെ പത്തിനാണ് വിവാദ കരാറിന് അരങ്ങൊരുങ്ങിയത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അന്നത്തെ തദ്ദേശഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസിനു കുറിപ്പ് നല്കുന്നു. അതായത് കരാര്‍ ഒപ്പിടുന്നതിന് തൊട്ടുതലേന്നുമാത്രമാണ് ടി.കെ.ജോസിന്റെ മുന്നില്‍ ഫയല്‍ എത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ യു.എ.ഇ. സന്ദര്‍ശന വേളയിലുണ്ടാക്കിയ ധാരണയനുസരിച്ചാണ് റെഡ്ക്രെസന്റ് പ്രതിനിധികള്‍ കേരളത്തില്‍ വീടില്ലാത്തവര്‍ക്കു വീടുവയ്ക്കാന്‍ ധനസഹായം നല്കാന് സന്നദ്ധത പ്രകടിപ്പിച്ചത്. യു.എ.ഇ. രാജകുടുംബമാണ് കരാറില്‍ ഒപ്പിട്ടത്.
കരട് കരാര്‍ ഒരു ദിവസത്തിനകം നിയമവകുപ്പിനെക്കൊണ്ട് പരിശോധിച്ചു നല്‍കണമെന്നായിരുന്നു ശിവശങ്കറിന്റെ നിര്‍ദേശം. ഇതേത്തുടര്‍ന്ന് മിന്നല്‍വേഗത്തില്‍ ഫയല്‍ നീങ്ങി. സെക്ഷന്‍ വഴി ഫയല്‍ അയയ്ക്കാതെ ജൂെലെ 11ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസ് നേരിട്ട് നിയമസെക്രട്ടറിക്കു ഫയല്‍ കൈമാറി. അന്ന് ഉച്ചയോടെതന്നെ നിയമസെക്രട്ടറി ഫയല്‍ മടക്കി. എന്നാല്‍, കരാര്‍ ഒപ്പിടുംമുമ്പ് നയപരമായ തീരുമാനം വേണമെന്ന് നിയമസെക്രട്ടറി ഫയലില്‍ കുറിച്ചിരുന്നു. ഇതിനുശേഷമാണ് റെഡ് ക്രെസന്റുമായി കരാറില്‍ ഏര്‍പ്പെടുന്നത്.
നിയമ സെക്രട്ടറി നല്കിയ കരാറില്‍ മാറ്റംവരുത്തിയതായി സംശയം ബലപ്പെട്ടതോടെ ലൈഫ് മിഷനിലെ ഉന്നതഉദ്യോഗസ്ഥര്‍ നെഞ്ചിടിപ്പിലാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ റെഡ്ക്രോസിനുപകരം റെഡ്ക്രെസന്റുമായിട്ടാണ് കരാറില്‍ ഒപ്പുവയ്ക്കുന്നത്. സ്വപ്നയ്ക്ക് ലഭിച്ച കമ്മിഷന് ലൈഫ് മിഷന് വഴിയാണെന്നു എന്‍.ഐ.എ. കണ്ടെത്തിയാല്‍ ഫയലില്‍ ഒപ്പുവച്ച ഉദ്യോഗസ്ഥരെല്ലാം ഉത്തരം പറയേണ്ടിവരും.
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറില്‍നിന്ന് കണ്ടെത്തിയ ഒരു കോടി രൂപ റെഡ്ക്രെസന്റുമായി ഉണ്ടാക്കിയ ധാരണയുടെ കമ്മിഷന് ആണെന്നു കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ലൈഫ് മിഷന് പദ്ധതിക്കായി റെഡ് ക്രെസന്റുമായി ഉണ്ടാക്കിയ കരാറിന് മുന്‍കയ്യെടുത്തത് ആരാണെന്ന ചോദ്യവും ഉയര്‍ന്നിരുന്നു.






