
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ സ്വപ്നയുടെ സാമ്പത്തീക ഇടപാടുകളില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന് മുന്നറിയിപ്പ് കൊടുത്തിരുന്നതായി റിപ്പോര്‍ട്ട്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്വേഷണ സംഘത്തിനു കൈമാറിയ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന പണം, സ്വര്‍ണം, അവയുടെ ക്രയവിക്രയം എന്നിവ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും രേഖകള്‍ വെച്ചുള്ള ചോദ്യം ചെയ്യലില്‍ ശിവശങ്കറിന് ഉത്തരം മുട്ടിയെന്നാണ് വിവരം.
നേരത്തേ സ്വപ്നയുടെ കാര്യത്തില്‍ മുന്നറിയിപ്പ് നല്കിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മതിയായ വിവരം കൈമാറിയിട്ടും ശിവശങ്കര്‍ സംയുക്ത ബാങ്ക് ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. ഇതോടെ സ്വപ്നയ്ക്ക് വേണ്ടി നടത്തുന്ന മുഴുവന്‍ ഇടപാടുകളുടെയും രേഖകള്‍ ഇദ്ദേഹം സൂക്ഷിച്ചു വെച്ചു. ഇതാണ് കൈമാറിയത്. ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരം ചാര്‍ട്ടേഡ് അക്കൗണ്ടന്റും സപ്നയും ചേര്‍ന്ന് ബാങ്ക് ലോക്കര്‍ തുറന്നത് 2018 നവംബറിലായിരുന്നു. ഇതില്‍ നിന്നും കണ്ടെത്തിയ ഒരു കോടി രൂപ ലൈഫ് മിഷന് പദ്ധതിയില്‍ നിന്നും ലഭിച്ച കമ്മീഷനായിരുന്നെന്നാണ് സ്വപ്ന നല്‍കിയിരിക്കുന്ന മൊഴി. നയതന്ത്ര പാഴ്സല്‍ വഴി സ്വര്‍ണ്ണക്കടത്ത് ആരംഭിച്ചിരിക്കുന്നത് 2019 ജൂലൈയിലാണ്.
ലോക്കറില്‍ 10 കോടി രൂപയുണ്ടെന്നാണ് സ്വപ്ന നേരത്തേ നല്കിയ മൊഴി. എന്നാല്‍ കണ്ടെത്താനായത് ഒരു കോടി രൂപ മാത്രമാണ്. ശിവശങ്കറിനെ തുടര്‍ച്ചയായി അഞ്ചര മണിക്കൂറാണു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി സോണല്‍ ഓഫീസില്‍ ചോദ്യംചെയ്തത്. ഇതില്‍നിന്നാണ് സ്വപ്നയുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന രാഷ്ട്രീയക്കാരെയും ഉന്നത ഉദ്യോഗസ്ഥരെയും കുറിച്ചുള്ള വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റിനു ലഭിച്ചത്. വീണ്ടും ചോദ്യംചെയ്യാന്‍ ശിവശങ്കറെ എന്നു വിളിപ്പിക്കണമെന്ന് ഇന്നു തീരുമാനിക്കും.
ശാരീരിക അവശതകള്‍ ചൂണ്ടിക്കാണിച്ചതിനാലാണ് ശനിയാഴ്ച പകല്‍ മൂന്നരയ്ക്കാരംഭിച്ച ചോദ്യംചെയ്യല്‍ രാത്രി ഒന്‍പതോടെ അവസാനിപ്പിച്ചത്. ഹവാല പണമിടപാടുകളിലെ പങ്കാളിത്തം, സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ബിനാമി ഇടപാടുകള്‍ എന്നിവയെക്കുറിച്ചാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. കസ്റ്റംസും എന്‍.ഐ.എയും മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് പിന്നാലെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ശിവശങ്കറിനെ ചോദ്യം ചെയ്തത്.






