
തെന്നിന്ത്യൻ സിനിമാ ലോകത്തിൻ്റെ പ്രിയപ്പെട്ട ഗായകൻ എസ്പി ബാല സുബ്രഹ്മണ്യം ആശുപത്രിയിൽ കഴിയുകയാണിപ്പോൾ. കൊവിഡ് സ്ഥിരീകരിച്ച് അവശനായ ഗായകൻ രോഗാവസ്ഥയിൽ നിന്ന് മുക്തനായി വരികയാണെന്ന് കഴിഞ്ഞ ദിവസം മകൻ അറിയിച്ചിരുന്നു. ഇപ്പോഴിതാ പ്രിയ ഗായകന് രോഗശാന്തി നേർന്ന് രംഗത്തെത്തിയിരിക്കുകയാണ് തമിഴകത്തിൻ്റെ സ്റ്റൈൽ മന്നൻ രജിനികാന്ത്. തൻ്റെ ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് രജിനികാന്ത് എസ്പിബിയ്ക്ക് പെട്ടെന്ന് രോഗം ഭേദമായി തിരിച്ചു വരാൻ കഴിയട്ടെ എന്നാശംസിച്ചത്. രജിനികാന്ത് പങ്കുവെച്ച വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു.
തെന്നിന്ത്യയിലെ വിവിധ ഭാഷകളിലായി സുന്ദര ഗാനങ്ങളാലപിച്ച് ജനഹൃദയത്തിലേറിയ ഗായകൻ എസ്പി ബാലസുബ്രഹ്മണ്യം ഇപ്പോൾ കൊവിഡ് രോഗത്തിൽ നിന്ന് മുക്തനായി വരികയാണെന്നും പെട്ടെന്ന് രോഗം മാറട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു എന്ന് പറയുന്ന വിഡിയോയാണ് രജിനികാന്ത് പങ്കുവെച്ചത്.
Get well soon dear Balu sir pic.twitter.com/6Gxmo0tVgS
— Rajinikanth (@rajinikanth) August 17, 2020
മുൻപ് എസ്പിബിയ്ക്ക് രോഗശാന്തി നേർന്നു കൊണ്ട് സംഗീത സംവിധായകനായ ഇളയരാജയും വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. വർഷങ്ങൾ നീണ്ട പിണക്കം മറന്നാണ് ഇളയരാജ പ്രിയ സുഹൃത്തിന് രോഗശാന്തി ആശം സിച്ചത്. ഈ വിഡിയോയും നേരത്തേ വൈറലായി മാറിയിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയോടെയാണ് എസ്പി ബാലസുബ്രഹ്മണ്യത്തിൻ്റെ ആരോഗ്യ നില ഗുരുതരമായത്. തുടർന്ന് അദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഒരാഴ്ച മുൻപാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിച്ചത്. എംജിഎം ഹെല്‍ത്ത് കെയര്‍ സെന്ററിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. ഓഗസ്റ്റ് അഞ്ചിന് കൊവിഡ് രോഗബാധ കണ്ടെത്തി എംജിഎം ഹെല്‍ത്ത് കെയറില്‍ പ്രവേശിപ്പിച്ച ഗായകന് എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യാവസ്ഥയിൽ പുരോഗതിയുണ്ടെന്നും ആരോഗ്യസ്ഥിതി പഴയപടി വീണ്ടെടുക്കാനാകുന്നുണ്ടെന്നും കഴിഞ്ഞ ദിവസം മകൻ പുറം ലോകത്തെ അറിയിച്ചിരുന്നു.






