മുംബൈ: ദൃശ്യം സിനിമയുടെ ഹിന്ദി റീമേയ്ക്കിന്റെ സംവിധായകന് നിഷികാന്ത് കാമത്ത് (50) അന്തരിച്ചു. നടന് റിതേഷ് ദേശ്മുഖ് ആണ് അദ്ദേഹത്തിന്റെ മരണവാര്‍ത്ത പുറത്തുവിട്ടത്.
കരള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഹൈദരാബാദിലെ ഗച്ചിബൗളിയിലെ എ.ഐ.ജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നിഷികാന്ത്. ജൂലൈ 31നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നിഷികാന്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
നേരത്തെ നിഷികാന്തിന്റെ മരണവാര്‍ത്ത പ്രചരിച്ചുവെങ്കിലും ആശുപത്രി അധികൃതര്‍ നിഷേധിക്കുകയായിരുന്നു. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന് നിലനിര്‍ത്തിയിരുന്നത്. വൈകുന്നേരത്തോടെ ആശുപത്രി അധികൃതര്‍ മരണം സ്ഥിരീകരിച്ചു.
2005ല്‍ പുറത്തിറങ്ങിയ ഡോംബിവാലി ഫാസ്റ്റ് എന്ന മറാത്തി സിനിമയാണ് നിഷികാന്തിന്റെ അരങ്ങേറ്റ ചിത്രം. മുംബൈ മേരി ജാന്‍ എന്ന സിനിമയിലൂടെ ബോളിവുഡിലെത്തി. അജയ് ദേവ്ഗണിനെ നായകനാക്കി ചെയ്ത ദൃശ്യത്തിന്റെ ഹിന്ദി പതിപ്പാണ് നിഷികാന്തിന്റെ കരിയറിലെ ഏറ്റവും വിജയിച്ച ചിത്രം. ജോണ്‍ ഏബ്രഹാമിനെ നായകനാക്കി നിഷികാന്ത് സംവിധാനം ചെയ്ത ഹാന്‍ഡ്സം എന്ന ചിത്രത്തില്‍ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്.






