
ദില്ലി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സിനിമ തിയറ്ററുകള്‍ തുറക്കാന്‍ ശുപാര്‍ശ. തിയേറ്ററുകള്‍ മാത്രമുള്ള സമുച്ചയങ്ങള്‍ക്ക് ആദ്യ ഘട്ടത്തില്‍ അനുവാദം കിട്ടിയേക്കുമെന്നാണ് സൂചന. അതേ സമയം, മാളുകളില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടിസ്ക്രീനുകള്‍ തുറക്കുന്ന കാര്യം അടുത്ത ഘട്ടത്തില്‍ പരിഗണിച്ചേക്കും.
തിയറ്ററുകള്‍ അടച്ചിട്ടതിനെ തുടര്‍ന്ന് ജൂലൈയില്‍ മാത്രം 50 ലക്ഷം ജോലിക്കാര്‍ക്ക് തൊഴില്‍ നഷ്ടമായിട്ടുണ്ട്. സംഘടിതമേഖലയില്‍ മാത്രം ആകെ തൊഴില്‍ നഷ്ടം രണ്ട് കോടിക്ക് അടുത്ത് വരുമെന്നാണ് കണക്കെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നാലാം ഘട്ടം ആരംഭിക്കുന്ന സെപ്തംബര്‍ ഒന്ന് മുതല്‍ സിനിമാഹാളുകള്‍ തുറക്കുക എന്ന നിര്‍ദേശമാണ് ഉന്നതാധികാര സമിതിയുടെ ഭാഗത്തുനിന്ന് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
സെക്രട്ടറിമാരുടെ സമിതിയാണ് ഈ ശുപാര്‍ശ ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. രണ്ടു ബുക്കിംഗുകള്‍ക്കിടയില്‍ മൂന്ന് സീറ്റുകള്‍ ഒഴിച്ചിടണമെന്നാണ് നിലവിലെ ശുപാര്‍ശ. ഒരു കുടുംബത്തിലെ ആളുകള്‍ക്ക് തിയേറ്ററിനുള്ളില്‍ അടുത്തടുത്തിരിക്കാമെന്ന വ്യവസ്ഥയും ശുപാര്‍ശയിലുണ്ട്.






