
കോലഞ്ചേരി: യാക്കോബായ സുറിയാനി സഭയുടെ ദേവാലയങ്ങള്‍ കൈവശപ്പെടുത്തുന്ന സാഹചര്യത്തില്‍ ഓര്‍ത്തഡോക്സ് സഭയുമായുള്ള എല്ലാ കൗദാശിക ബന്ധങ്ങളും അവസാനിപ്പിക്കാന്‍ യാക്കോബായ സഭാ സുന്നഹദോസ് തീരുമാനിച്ചു. യാക്കോബായ സഭയിലേക്കെത്തുന്ന ഓര്‍ത്തഡോക്സുകാര്‍ക്കു യാക്കോബായ സഭയില്‍ മൂറോന്‍ അഭിഷേകം നിര്‍ബന്ധമാക്കി. മാര്‍ത്തോമ്മാ സഭയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാനും തീരുമാനമായി. ഇന്നലെ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മോര് ഗ്രിഗോറിയോസിന്റെ അധ്യക്ഷതയിലാണു സുന്നഹദോസ് ചേര്‍ന്നത്.
1975-ല്‍ പരിശുദ്ധ ഇഗ്നാത്തിയോസ് യാക്കോബ് മൂന്നാമന് പാത്രിയര്‍ക്കീസ് ബാവ കല്‍പ്പന പുറപ്പെടുവിച്ചു മുടക്കിയിരിക്കുന്ന ഓര്‍ത്തഡോക്സ് സഭയുമായി ആരാധനകളിലോ പ്രാര്ഥനകളിലോ കൂദാശകളിലോ യാതൊരു ബന്ധങ്ങളും ഉണ്ടാകില്ലെന്നു സുന്നഹദോസ് തീരുമാനം വിശദീകരിച്ച് ജോസഫ് മോര് ഗ്രിഗോറിയോസ് വ്യക്തമാക്കി.
ഇതു സംബന്ധിച്ചു പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ അനുമതിയോടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പള്ളികള്‍ക്കായി കല്‍പ്പന പുറപ്പെടുവിക്കും. ഓര്‍ത്തഡോക്സ് സഭ സ്വയം സൃഷ്ടിച്ച മൂറോന്‍ യാക്കോബായ സഭയ്ക്ക് ഇനി സ്വീകാര്യമായിരിക്കില്ല.
സ്ത്രീകളും കുട്ടികളും വൈദികരും മെത്രാപ്പോലീത്തമാരുമടങ്ങുന്ന വിശ്വാസികളെ മര്‍ദിച്ചു രാത്രിയുടെ മറവില്‍ മുളന്തുരുത്തി പള്ളി പിടിച്ചെടുത്ത പോലീസ് നടപടിയില്‍ സുന്നഹദോസ് പ്രതിഷേധിച്ചു. യാക്കോബായ സഭയുടെ പള്ളികള്‍ തിരക്കിട്ടു പിടിച്ചുകൊടുക്കാനുള്ള കോടതികളുടെ നിലപാട് മനുഷ്യത്വരഹിതവും അനീതിയുമാണ്. മുളന്തുരുത്തി പള്ളിയിലുണ്ടായ സംഭവത്തിനുത്തരവാദികളായ ഫോര്‍ട്ട്കൊച്ചി ആര്.ഡി.ഒയ്ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും സുന്നഹദോസ് ആവശ്യപ്പെട്ടു.
ആരാധനാ സ്വാതന്ത്ര്യവും ജനാധിപത്യമര്യാദകളും പാലിച്ചു യാക്കോബായ വിശ്വാസികളുടെ ദേവാലയങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കണം. ഈ ആവശ്യമുന്നയിച്ച് തിരുവനന്തപുരം സെന്റ് മേരീസ് പള്ളിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മെത്രാപ്പോലീത്തമാര്‍ ഉപവാസം നടത്തും. സഭയുടെ പള്ളികളില്‍ പ്രതിഷേധവും റിലേ നിരാഹാര സത്യഗ്രഹവും സംഘടിപ്പിക്കും. 23-ന് എല്ലാ പള്ളികളിലും പ്രതിഷേധ പരിപാടികളും നടത്തും.
അന്ത്യോഖ്യാ സിംഹാസനത്തിനു കീഴില്‍ അടിയുറച്ചു മുന്നോട്ടുപോകും. ഏതു പീഡനമേറ്റാലും, പ്രതിസന്ധികള്‍ വന്നാലും ഓര്‍ത്തഡോക്സ് സഭയുമായി ഇനിയൊരു യോജിപ്പിനില്ല. പള്ളികള്‍ കൈയേറുന്നത് അവസാനിപ്പിച്ചാല്‍മാത്രമേ സഹോദരീസഭകളായി നിലകൊള്ളുന്നതിനെക്കുറിച്ച് അവരുമായുള്ള ചര്‍ച്ചയ്ക്കു പ്രസക്തിയുണ്ടാകൂവെന്നും സുന്നഹദോസ് വ്യക്തമാക്കി.
വാര്‍ത്താസമ്മേളനത്തില്‍ സുന്നഹദോസ് സെക്രട്ടറി തോമസ് മോര് തിമോത്തിയോസ്, ഡോ. കുര്യാക്കോസ് മോര് തെയോഫിലോസ്, കുര്യാക്കോസ് മോര് ദിയസ്കോറോസ്, മാത്യൂസ് മോര് അന്തിമോസ്, വൈദിക ട്രസ്റ്റി സ്ലീബാ പോള്‍ വട്ടവേലില്‍ കോറെപ്പിസ്കോപ്പ, സഭാ ട്രസ്റ്റി സി.കെ. ഷാജി ചുണ്ടയില്‍, സെക്രട്ടറി പീറ്റര്‍ കെ. ഏലിയാസ് എന്നിവര്‍ പങ്കെടുത്തു.






