
ന്യൂഡല്‍ഹി: പാലാരിവട്ടം പാലം സംബന്ധിച്ച കേസില്‍ ഓഗസ്റ്റ് 28നു തന്നെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിക്ക് കത്ത് നല്കി. പാലം പൊളിച്ചുപണിയാന്‍ അനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ ആണ് കത്തയച്ചത്.
പാലത്തില്‍ ഭാരപരിശോധന നടത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ ഫെബ്രുവരിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി തത്സ്ഥിതി തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നു. കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് കോടതി നടപടികള്‍ നീണ്ടുപോയതോടെ കേസ് പരിഗണിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ മാസം 28ന് വീണ്ടും പരിഗണിക്കാനിരിക്കേയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.
തത്സഥിതി തുടരാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചതോടെ പാലം നിര്‍മ്മാണം തടസ്സപ്പെട്ടിരുന്നു. ഈ ഉത്തരവ് നീക്കിയും ഭാരപരിശോധന ഒഴിവാക്കിയും എത്രയും വേഗം നിര്‍മ്മാണത്തിന് അനുമതി നല്‍കണമെന്നാണ് ആവശ്യം. അത്രമാത്രം അടിയന്തര പ്രാധാന്യമുള്ളത്. ജനങ്ങള്‍ക്ക് വളരെയേറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.





