
വയനാട്: സ്കൂളില്‍ ഉച്ചക്കഞ്ഞിക്കുള്ള അരിമറിച്ച് വില്ക്കാന് ശ്രമം നടത്തിയ മൂന്ന് അധ്യാപകരെ സസ്പെന്‍ഡ് ചെയ്തു. മാനന്തവാടി കല്ലോടി സെന്റ് ജോസഫ് സ്കൂളിലെ പ്രധാന അധ്യാപകന് സാബു പി ജോണ്‍, ഉച്ചക്കഞ്ഞി വിതരണ ചുമതലയുള്ള അധ്യാപിക ധന്യമോള്, അധ്യാപകന് അനീഷ് ജോര്‍ജ്ജ് എന്നിവരെയാണ് സ്കൂള്‍ മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തത്.
എ.ഇ.ഒയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മാനന്തവാടി കല്ലോടി സെന്റ് ജോസഫ് യു.പി സ്കൂള്‍ അധ്യാപകരുടെ നേതൃത്വത്തിലാണ് സ്കൂള്‍ കുട്ടികളുടെ ഉച്ചക്കഞ്ഞിക്കുള്ള അരി സ്വകാര്യ ഹൈപ്പര്‍മാര്‍ക്കറ്റില്‍ മറിച്ചുവില്‍ക്കാന്‍ ശ്രമിച്ചത്. 386 കിലോ അരിയാണ് കല്ലോടി സെന്റ് ജോസഫ് സ്കൂള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നാലാം മൈലിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വില്ക്കാന് ശ്രമിച്ചത്. ഉച്ചകഞ്ഞിക്കുള്ള അരി സ്വകാര്യ ഹൈപ്പര്‍മാര്‍ക്കറ്റില്‍ വില്‍ക്കാനുള്ള ശ്രമം പുറത്തായതിന് പിന്നാലെ ജില്ലയിലെ മുഴുവന്‍ സ്കൂളുകളിലും പരിശോധന നടത്താന്‍ ജില്ലാ കലക്ടര്‍ അദീല അബ്ദുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നാട്ടുകാരാണ് ഇക്കാര്യം സിവില്‍ സപ്ലൈസ് അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് അരി സിവില്‍ സപ്ലൈസ് അധികൃതര്‍ ഏറ്റെടുത്തു. ലോക്ഡൗണ്‍ കാലത്ത് മിച്ചം വന്ന അരിയാണ് വില്ക്കാന് ശ്രമിച്ചത്. മിച്ചം വരുന്ന അരി സമൂഹ അടുക്കളക്ക് നല്‍കാവുന്നതാണെന്ന് നേരത്തെ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. സ്കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായെന്നും നടപടി എടുക്കണമെന്നും കാണിച്ച് എ.ഇ.ഒ , ഉപവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.






