
ബെയ്ജിങ്: മാസ്ക് ധരിക്കണമെന്ന നിര്‍ദേശം പിന്‍വലിച്ച് ബെയ്ജിങ്ങിലെ ആരോഗ്യവകുപ്പ്. നഗരത്തില്‍ തുടര്‍ച്ചയായ 13 ദിവസവും കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം. മാസ്ക് ധാരണവും ക്വാറന്റീനുമുള്പ്പടെയുളള നിയന്ത്രണങ്ങളിലൂടെയാണ് ചൈന കോവിഡിനെ നിയന്ത്രിച്ചതെന്ന് വിദഗ്ധര്‍ പറഞ്ഞു.
മാസ്ക് ധരിക്കുന്നതിന് ബെയ്ജിങ്ങിലെ ആരോഗ്യവകുപ്പ് അധികൃതര്‍ ഇളവുകള്‍ നല്‍കുന്നത് ഇത് രണ്ടാംതവണയാണ്. ഏപ്രില്‍ അവസാനത്തില്‍ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നതിന് ബെയ്ജിങ്ങിലെ മുനിസിപ്പല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് അനുമതി നല്‍കിയിരുന്നു. എന്നാല്‍ വീണ്ടും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ജൂണില്‍ നിയന്ത്രണങ്ങള്‍ പുനഃസ്ഥാപിക്കുകയായിരുന്നു.
ഓഗ്സറ്റ് 20 ന് 22 കേസുകള്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 20ഉം വിദേശത്ത് നിന്ന് എത്തിയവരാണ്. ചൈനക്കാരല്ലാത്തവരെ രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് ചൈന വിലക്കിയിട്ടുമുണ്ട്.






