
കൊച്ചി: വൈദ്യുതിബോര്‍ഡില്‍ പി.എസ്.സി. വഴി ലാസ്റ്റ്ഗ്രേഡ് തസ്തികകളിലേക്ക് ഇനി നിയമനമുണ്ടാകില്ല. പകരം, ലാസ്റ്റ്ഗ്രേഡ് നിയമനങ്ങള്‍ മുഴുവന്‍ കുടുംബശ്രീക്കു വിടാന്‍ നീക്കം. ഒഴിവുള്ള ഈ തസ്തികകളില്‍ കുടുംബശ്രീയില്‍നിന്ന് ആളെയെടുക്കാന്‍ ഡയറക്ടര്‍ബോര്‍ഡ് അനുമതി നല്കി.
വൈദ്യുതിബോര്‍ഡ് ആസ്ഥാനമായ വൈദ്യുതിഭവനില്‍ 78 ഓഫീസ് അറ്റന്‍ഡന്റ് തസ്തികകളാണുള്ളത്. ഇവിടെയാകും ആദ്യം തീരുമാനം നടപ്പിലാക്കുക. ആദ്യഘട്ടത്തില്‍ ഹ്യുമന്‍ റിസോഴ്സ്, ചീഫ് ഇന്റേണല്‍ ഓഡിറ്റര്‍, സെക്രട്ടറി (ഭരണവിഭാഗം), സാമ്പത്തികഉപദേശകന്‍ എന്നീ ഓഫീസുകളില്‍ മൂന്നുമാസത്തിനുള്ളില്‍ ഈ രീതിയില്‍ നിയമനം നടത്തണം. സ്ഥിരംജീവനക്കാരെ മറ്റു വിഭാഗങ്ങളിലേക്കു മാറ്റി ഓരോ സെക്ഷനും പൂര്‍ണമായി കുടുംബശ്രീയെ ഏല്‍പ്പിക്കും.
വൈദ്യുതിബോര്‍ഡില്‍ 514 ഓഫീസ് അറ്റന്‍ഡന്റുമാരുടെ തസ്തികകളാണ് ആകെ ഉണ്ടായിരുന്നത്. ഇപ്പോള്‍ 397 പേരാണ് ബാക്കിയുള്ളത്. ബാക്കി 117 ഒഴിവുകളിലും നിയമനം നടന്നിട്ടില്ല. വര്‍ഷങ്ങളായി ഈ ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യാറുമില്ല.
ക്ലീനേഴ്സ്, ഹെല്‍പ്പേഴ്സ് എന്നപേരില്‍ കുടുംബശ്രീയുടെ കീഴിലുള്ള കേരളശ്രീ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി വഴിയാണ് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തിയിരുന്നത്. ഇതിന് കുടുംബശ്രീമിഷനുമായി ഒരുവര്‍ഷത്തെ കരാറും ബോര്‍ഡ് ഉണ്ടാക്കിയിരുന്നു. ഓരോ വര്‍ഷവും ഇത് പുതുക്കാറാണ് പതിവ്.






