
സോള്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അബോധാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട്. സഹോദരി കിം യോ -ജോങ് എല്ലാ അര്‍ത്ഥത്തിലും അധികാരം ഏറ്റെടുത്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അന്തരിച്ച ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റ് കിം ജെയ് ജങിന്റെ അടുത്ത അനുയായി ആയിരുന്ന ചങ് സോങ് മിന്നിനെ ഉദ്ധരിച്ച് 'ദി കൊറിയന്‍ ഹെറാള്‍ഡ്' അടക്കമുള്ള മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ദേശീയവും വിദേശവുമായ എല്ലാ കാര്യങ്ങളിലും ഭരണം കിം ജോ യോങ് ഏറ്റെടുത്തുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കിം ജോങ് ഉന്‍ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയാത്ത വിധം 'കോമ' സ്ഥിതിയിലോ അട്ടിമറിയിലൂടെ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ് ചാങ് സോങ് മിന്നിന്റെ അഭിപ്രായം. കിം ഡേയ് ജംഗിന്റെ രാഷ്ട്രീയകാര്യ സെക്രട്ടറിയും ആഭ്യന്തരകാര്യ നിരീക്ഷണ ഓഫീസിന്റെ മേധാവിയുമായിരുന്നു് ചാങ് സോങ് മിന്. അവശനിലയില്‍ ആകുകയോ അട്ടിമറിയലൂടെ പുറത്താക്കപ്പെടുകയോ ചെയ്യുകയല്ലാതെ ഉത്തര കൊറിയയിലെ ഒരു ഭരണാധികാരിയും തങ്ങളുടെ അധികാരം മറ്റൊരാള്‍ക്ക് കൈമാറില്ലെന്ന് ചാങ് സോങ് മിന് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.
കിം ജോങ് ഉന്‍ കോമയിലാണെന്നാണ് താന്‍ കരുതുന്നത്. അദ്ദേഹം മരണപ്പെട്ടിട്ടില്ല. പൂര്‍ണ്ണമായ പിന്തുടര്ച്ച ഘടന രൂപീകരിച്ചിട്ടില്ല. ഇത് ഏറെക്കാലം മുന്നോട്ടുപോകില്ല എന്നതിന്റെ മുന്നോടിയാണ് കിം ജോങ് ഉന്നിന്റെ അവസ്ഥ കാണിക്കുന്നത്. കിം മയക്കത്തിലാണെന്ന വിവരം ചൈനയിലെ ഒരു കേന്ദ്രത്തില്‍ നിന്നാണ് തനിക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കിം ജോങ് ഉന്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ട് ഏറെക്കാലമായി. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് പല പ്രചാരണങ്ങളും നടക്കുന്നതിനിടെയാണ് ചാങ് സോങ് മിന്നിന്റെ വെളിപ്പെടുത്തല്‍. ഏപ്രില്‍ 11ന് നടന്ന വര്‍ക്കേഴ്സ് പാര്‍ട്ടി പൊളിറ്റ്ബ്യുേറായിലാണ് കിം ഒടുവില്‍ പങ്കെടുത്തത്. മേയ് രണ്ടിന് ഒരു രാസവള ഫാക്ടറിയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതായുള്ള ചിത്രവും പുറത്തുവന്നിരുന്നു. എന്നാല്‍ അടുത്തകാലത്തേത് എന്ന നിലയില്‍ ഉത്തര കൊറിയ പുറത്തുവിട്ട ചിത്രങ്ങള്‍ വ്യാജമാണെന്ന് ചാങ് സോങ് മിന് പറയുന്നു.
അതേസമയം, കിം ജോങ് ഉന്നിന്റെ ആരോഗ്യനില സംബന്ധിച്ച എല്ലാ കിംവദന്തികളും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നിന്റെ പ്രധാന സുരക്ഷാ ഉപദേശകന് തള്ളിക്കളഞ്ഞു. കിം ജീവനോടെ സുഖമായിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.






