
കോഴിക്കോട്: അര്‍ഹത ഉള്ളവര്‍ പുറത്ത് കാത്തുനില്ക്കേ ഇഷ്ടക്കാര്‍ക്ക് നിയമനം വീണ്ടും... പുറത്തായ ഡെപ്യൂട്ടി മാനേജര്‍ ഉത്തരവില്ലാതെ ജനറല്‍മാനേജരായി...
ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ നിന്ന് പുറത്തായ ഉദ്യോഗസ്ഥനാണ് നിയമന ഉത്തരവ് പോലുമില്ലാതെ അതേ ഓഫീസിലെ ജനറല്‍മാനേജരുടെ സീറ്റില്‍ എത്തിയത്. കോര്പ്പറേഷന് ആസ്ഥാനമന്ദിരത്തിലെ ജനറല്‍മാനേജരുടെ മുറിയിലിരുന്ന് ഇദ്ദേഹം അഞ്ചുദിവസമായി ജോലിചെയ്യുന്നു.
കോര്‍പ്പറേഷനിലെ ഉന്നതന്റെ അടുത്തബന്ധുവായ കെ. ഷംസുദ്ദീനെയാണ് ജനറല്‍മാനേജര്‍ തസ്തികയില്‍ അവരോധിച്ചത്. ന്യൂനപക്ഷ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി കെ.ടി. ജലീലിന്റെ ബന്ധു കെ.ടി. അദീപിനെ നേരത്തേ ഇവിടെ ജനറല്‍മാനേജരായി നിയമിച്ചിരുന്നു. എതിര്‍പ്പ് ശക്തമായപ്പോള്‍ അദീപ് രാജിവെച്ചു. കോര്‍പ്പറേഷനില്‍ ക്ലാര്‍ക്ക് കം കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിതനായ എം.കെ. ഷംസുദ്ദീന് താമസിയാതെ ഡെപ്യൂട്ടി മാനേജരായി. ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനമായിരുന്നു. പിന്നാലെ മാനേജിങ് ഡയറക്ടറായി മുഹമ്മദ് നൗഷാദ് ചുമതലയേറ്റു.
കരാര്‍ കാലാവധി കഴിഞ്ഞപ്പോള്‍ ഡെപ്യൂട്ടി മാനേജരുടെ നിയമനം നീട്ടിനല്‍കണമെന്ന ഭരണസമിതിയുടെ ശുപാര്‍ശ അദ്ദേഹം തള്ളി. യോഗ്യരായവരില്‍നിന്ന് അപേക്ഷ സ്വീകരിച്ച് ഇന്റര്‍വ്യൂ നടത്തിവേണം നിയമനമെന്നായിരുന്നു എം.ഡി.യുടെ നിലപാട്. ഇതോടെ ഷംസുദ്ദീന് പുറത്തായി. പിന്നാലെ ഡെപ്യൂട്ടി മാനേജര്‍ ഉള്‍പ്പെടെയുള്ള നാല് തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു.
വീണ്ടും അപേക്ഷ നല്‍കിയശേഷമാണ് ഒരു നിയമന ഉത്തരവുമില്ലാതെ ഷംസുദ്ദീന് കഴിഞ്ഞദിവസം ജനറല്‍മാനേജരുടെ ഓഫീസില്‍ ചുമതലയേറ്റത്. കോഴിക്കോട്ടെ കോര്‍പ്പറേഷന്റെ ആസ്ഥാനത്ത് ഡെപ്യൂട്ടി മാനേജരായിരുന്ന കാലത്ത് വായ്പ അനുവദിക്കലായിരുന്നു ഇദ്ദേഹത്തിന്റെ ചുമതല. പലര്‍ക്കും വന്‍തുക വായ്പ അനുവദിച്ചത് ക്രമവിരുദ്ധമായാണെന്ന് ജൂലായ് 31ന് എം.ഡി.യുടെ ചുമതലയൊഴിഞ്ഞ മുഹമ്മദ് നൗഷാദ് റിപ്പോര്‍ട്ടുചെയ്തിരുന്നു. ഷംസുദ്ദീന് നിര്‍ണായകഫയലുകള്‍ വിളിച്ചുവരുത്തി പരിശോധിക്കുന്നതായി ആക്ഷേപമുണ്ട്.






