
മണാലി: ഇന്ത്യയില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തുരങ്കങ്ങളില്‍ ഒന്നായി പൂര്‍ത്തിയാകുന്ന റോഹ്ടാംഗ് തുരങ്കം അടുത്ത മാസം അവസാനത്തോടെ തുറക്കും. സമുദ്ര നിരപ്പില്‍ നിന്നും 3000 മീറ്റര്‍ ഉയരത്തില്‍ ഹിമാചല്‍ പ്രദേശിനെയും ലഡാക്കിനെയും തമ്മില്‍ ബന്ധിപ്പിച്ച് നിര്‍മ്മിച്ചിരിക്കുന്ന തുരങ്കം പ്രഖ്യാപനത്തിന് ശേഷം 20 വര്‍ഷം എടുത്താണ് പൂര്‍ത്തിയാകുന്നത്.
8.8 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന തുരങ്കം ഹിമാചലിലെ മണാലിയെയും ലഡാക്കിലെ ലെയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്. 3,200 കോടി മുതല്‍ മുടക്കി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന തുരങ്കം 474 കി.മീ ദൂരത്തിലുള്ള മണാലിയെയും ലെയെയും തമ്മില്‍ വെറും 46 കിലോമീറ്ററാക്കി ചുരുക്കിയിരിക്കുകയാണ്. എട്ടു മണിക്കൂര്‍ ദൈര്ഘ്യമേറിയിരുന്ന യാത്ര വെറും രണ്ടര മണിക്കൂറായിട്ടാണ് കുറയുക.
2000 ജൂണ്‍ 3 ന് മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് പ്രഖ്യാപിച്ച അടല്‍ തുരങ്കത്തിന്റെ പണി നടത്തിയത് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനാണ്. ഒട്ടനേകം വെല്ലുവിളികളെ അതിജീവിച്ച് 2011 ലാണ് ജോലികള്‍ തുടങ്ങിയത്. 2015 ല്‍ പണികള്‍ പൂര്‍ത്തിയാകേണ്ടതായിരുന്നു. എന്നാല്‍ വെള്ളക്കെട്ട്, പാറഖനനത്തിന് അനുമതി കിട്ടാന്‍ ഉണ്ടായ കാലതാമസം തുടങ്ങിയ പല വിഷയങ്ങള്‍ ജോലിയുടെ വേഗം തടസ്സപ്പെടുത്തി. 700 ലധികം പേര് രാപകലുകളിലായി വിവിധ ഷിഫ്റ്റുകളില്‍ ജോലി ചെയ്തായിരുന്നു പണികള്‍ പൂര്‍ത്തിയാക്കിയത്.
കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍, സംസ്ഥാന സര്‍ക്കാരുകളുടെ ഒത്തൊരുമ എല്ലാം പ്രശ്നമായി മാറിയിരുന്നു. അടുത്ത മാസം അവസാനത്തോടെ തുറന്നു കൊടുക്കുന്ന ടണല്ജോലികള് പരിശോധിക്കാന്‍ കഴിഞ്ഞമാസം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എത്തേണ്ടതായിരുന്നു. എന്നാല്‍ ഇന്ത്യാ ചൈനാ സൈനികര്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ഇത് ക്യാന്‍സല്‍ ചെയ്തു. എന്നാല്‍ ഈ മാസം അവസാനം അദ്ദേഹം എത്തുമെന്നാണ് കരുതുന്നത്. മണിക്കൂറില്‍ 80 കിലോമീറ്ററാണ് ടണലില്‍ അനുവദിക്കപ്പെട്ടിട്ടുള്ള വേഗത.
ഏത് കാലാവസ്ഥയിലും ദിവസവും 3000 വാഹനങ്ങള്‍ക്ക് ഇതിലൂടെ കടന്നുപോകാന്‍ കഴിയും. 2010 ല്‍ 1700 കോടി ചെലവ് പ്രതീക്ഷിച്ചിരുന്ന പദ്ധതി 2020 സെപ്തംബര്‍ എത്തുമ്പോള്‍ 3,200 കോടി കഴിയും. അടുത്തമാസം തുറന്നു കൊടുക്കുന്നതോടെ ഹിമാചല്‍ പ്രദേശിന്റെ ടൂറിസം പദ്ധതിയുടെ ഭാഗമായ വിസ്താഡം ബസുകള്‍ ടണലിലൂടെ സര്‍വീസ് നടത്തും. മലയോര മേഖലയിലെ സുന്ദര കാഴ്ചകള്‍ പൂര്‍ണ്ണമായും കാണാവുന്ന തരത്തില്‍ ഗ്ളാസ് മേല്ത്തട്ടോട് കൂടിയ ബസുകളാണ് വിസ്താഡം.