
ദുബായ് : ഐ.പി.എൽ 13-ാം പതിപ്പിനെ പ്രതിസന്ധിയിലാക്കി ചെന്നൈ സൂപ്പർ കിങ്സിലെ രണ്ടാമത്തെ താരത്തിനും കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഇന്ത്യൻ പേസർ ദീപക് ചാഹറിനും 10 സപ്പോർട്ട് സ്റ്റാഫുകൾക്കും കോവിഡ് ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഇന്ത്യ ടുഡെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ചാഹറിന് ശേഷം ചെന്നൈ ടീമിൽ കോവിഡ് സ്ഥിരീകരിക്കുന്ന താരമാണ് റുതുരാജ്. വെള്ളിയാഴ്ചയാണ് ചെന്നൈ സംഘത്തിലുള്ളവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഐ.പി.എല്ലിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ഐ.പി.എൽ അധികൃതരേയും ബി.സി.സി.ഐയേയും ആശങ്കയിലാഴ്ത്തുന്നതാണ് പുതിയ സംഭവവികാസങ്ങൾ.
സെപ്റ്റംബർ 19 മുതൽ യു.എ.ഇയിലാണ് ടൂർണമെന്റ്. യു.എ.ഇയിലേക്ക് തിരിക്കും മുമ്പ് സൂപ്പർ കിങ്സ് ടീം ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ അഞ്ചു ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ചാഹറും റുതുരാജും ഈ ക്യാമ്പിൽ പങ്കെടുത്ത താരങ്ങളാണ്. ഐ.പി.എല്ലിലെ മറ്റ് ഫ്രാഞ്ചൈസികളൊന്നും തന്നെ ഇന്ത്യയിൽ ക്യാമ്പ് സംഘടിപ്പിച്ചിരുന്നില്ല. കോവിഡ് സ്ഥിരീകരിച്ച ചെന്നൈ സംഘാംഗങ്ങൾക്ക് 14 ദിവസത്തേക്ക് ക്വാറന്റൈനിൽ കഴിയേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ ടീമംഗങ്ങളുടെ മൊത്തം ക്വാറന്റൈൻ കാലാവധി സെപ്റ്റംബർ ഒന്നുവരെ നീട്ടി.





