
ചെന്നൈ: കോവിഡ് ബാധിച്ച് ശ്വാസകോശം തകര്‍ന്ന നാല്പത്തിയെട്ടുകാരന് ജീവിതത്തിലേക്ക് തിരിച്ചുവരവ്. മസ്തിഷ്ക മരണം സംഭവിച്ച ചെന്നൈ സ്വദേശിയായ മുപ്പത്തിനാലുകാരന്റെ ശ്വാസകോശം മാറ്റിവച്ചതോടെയാണ് കോവിഡ് രോഗിക്ക് ജീവിതം തിരികെ കിട്ടിയത്. ഏഷ്യയില്‍ ഇത് ആദ്യമായാണ് കോവിഡ് ബാധിച്ചയാളില്‍ ശ്വാസകോശം മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ നടത്തുന്നത്.
എംജിഎം ഹെല്‍ത്ത്കെയറിലെ വിദഗ്ധരായ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ നടത്തിയത്. രോഗി ഐസിയുവില്‍ സുഖം പ്രാപിച്ചുവരികയാണെന്ന് എംജിഎമ്മിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.
ജൂണ്‍ എട്ടിനാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്. വൈകാതെ തന്നെ ശ്വാസകോശത്തിന്റെ അവസ്ഥ മോശമാവുകയും ജൂണ്‍ ഇരുപതോടെ ഇദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അവസ്ഥ വീണ്ടും മോശമായതോടെ വിമാനമാര്‍ഗം ചെന്നൈയിലെത്തിക്കുകയായിരുന്നു.






