
ഓൺലൈനിലെ ന്യൂജെൻ കുഞ്ചന്‍ നമ്പ്യാർമാരായി അറിയപ്പെടുന്ന ടീമാണല്ലോ 'കരിക്കി'ലെ പിള്ളേര്. 'തേരാപാര' വീഡിയോ സീരീസിലൂടെ തുടങ്ങിയ അവരുടെ തേരോട്ടം ഇപ്പോഴും അജയ്യമായി യൂട്യൂബ് ലോകത്ത് തുടരുകയാണ്. അടുത്തിടെ 'സ്മൈൽ പ്ലീസ്' വീഡിയോയുമായി 'മാമനോടൊന്നും തോന്നല്ലേ' എന്ന് പറഞ്ഞുകൊണ്ടെത്തിയ ഇവർ തിരുവോണദിനത്തിൽ ഓണം സ്പെഷൽ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷത്തെ ഓണത്തിന് 'ഓണസദ്യ' വീഡിയോയുമായെത്തിയിരുന്ന ടീം ഇപ്പോള്‍ അതേ വീഡിയോയുടെ രണ്ടാം ഭാഗമാണ് ഈ ഓണത്തിന് അവതരിപ്പിച്ചിരിക്കുന്നത്. 'തിരുവോണം' എന്നാണ് വീഡിയോയ്ക്ക് പേരിട്ടിരിക്കുന്നത്. ഇതിനകം യൂട്യൂബ് ട്രെൻഡിംഗ് നമ്പർ 1 ആണ് വീഡിയോ.
ജോലിയാവശ്യത്തിനും മറ്റുമായി നാടുവിട്ട് നഗരത്തിൽ വന്ന് താമസിക്കുന്ന യുവാക്കള്‍ നാട്ടിൽ കണ്ടെയ്ൻമെന്റ് സോണിലായതിനാൽ വീട്ടിൽ പോകാനാകാതെ നഗരത്തിൽ കുടുങ്ങുകയാണ്. ഇവരുടെ പക്കൽ കള്ളത്തരവുമായി എത്തുകയാണ് കഴിഞ്ഞ വര്‍ഷം 'ബോലോ താരാരാ മാവേലി'യായെത്തിയ പ്രച്ഛന്നം പ്രകാശൻ.
അന്ന് 'ചെത്തി മന്ദാരം തുളസി പിച്ചകമാലകള്‍ ചാര്‍ത്തി തിരുവോണത്തപ്പാ നിന്നെ കണികാണേണം ബോലോ താരാരാര...'പാട്ടുമായെത്തിയ മാവേലി ഇക്കുറി 'ദൂരെപ്പോടാ ദൂരെപ്പോടാ സോഷ്യൽ ഡിസ്റ്റൻസ്' എന്ന കൊവിഡ് സ്പെഷൽ ഗാനവുമായാണ് എത്തിയിട്ടുള്ളത്. ഇക്കുറിയും പിള്ളേരുടെ കൈയ്യിൽ നിന്ന് തരികിട കാട്ടി പൈസയും മറ്റും അടിച്ചുമാറ്റാനാണ് 'ബോലോ താരാരാ മാവേലി'യുടെ വരവ്. ഇക്കുറി മീശ വരച്ചുചേർത്ത മാസ്കിട്ടാണ് മാവേലിയുടെ അവതാരം.






