
കൊച്ചി: ആത്മഹത്യാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനം കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്ന സൂചന നല്കി കൊല്ലം ജില്ല ആത്മഹത്യകളുടെ കാര്യത്തില്‍ രാജ്യതലസ്ഥാനമായി മാറുന്നു. ദേശീയ കുറ്റകൃത്യ ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2019 ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യാ നിരക്കും അപകടമരണ നിരക്കും കൊല്ലത്താണ്. കുടുംബ പ്രശ്നം മുതല്‍ പ്രണയപരാജയവും കടവും തൊഴിലില്ലായ്മയുമെല്ലാം കാരണമാകുന്നു.
ഒരു ലക്ഷത്തിന് 41.2 എന്ന നിലയിലാണ് കൊല്ലത്തെ ആത്മഹത്യാനിരക്ക്. സംസ്ഥാനങ്ങളില്‍ 24.3 എന്ന കണക്കിന് കേരളം അഞ്ചാം സ്ഥാനത്ത് നില്ക്കുന്നു. അതേസമയം തന്നെ ഇത് ദേശീയ നിരക്കായ 10.2 നേക്കാള്‍ വളരെ മുകളിലാണ്. 8,556 പേരാണ് 2019 ല്‍ കേരളത്തില്‍ ആത്മഹത്യ ചെയ്തത്. അതിന് മുമ്പത്തെ വര്‍ഷത്തേക്കാള്‍ കൂടുതലാണ് നിരക്ക്. 2018 ല്‍ കേരളത്തില്‍ ആത്മഹത്യ ചെയ്തത് 8,237 പേരായിരുന്നു.
ഒരു ലക്ഷം പേര്‍ക്ക് 41.2 എന്ന നിരക്കിലാണ് രാജ്യത്ത് തന്നെ ആത്മഹത്യയില്‍ മുന്നിലുള്ള കൊല്ലം നില്‍ക്കുന്നത്. 457 ആയിരുന്നു കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആത്മഹത്യകള്‍. അതേസമയം കൊല്ലത്തേക്കാള്‍ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ആത്മഹത്യാ നിരക്കില്‍ രണ്ടാമതാണ് അസന്‍സോള്‍. 469 ആത്മഹത്യകളാണ് കഴിഞ്ഞ വര്‍ഷം അസന്‍സോളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
കേരളത്തിലെ ആത്മഹത്യകളിലെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് കുടുംബപ്രശ്നങ്ങളാണ്. 3,665 കേസുകളാണ് ഈ വിഭാഗത്തില്‍ ഉള്ളത്. മാനസീക പ്രശ്നങ്ങള്‍, മറ്റസുഖങ്ങള്‍ (രണ്ടും 974) ആണ് തൊട്ടു പിന്നില്‍. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടലില്‍ ആത്മഹത്യ ചെയ്തത് 792 പേരാണ്. കടവും ജപ്തിയും മൂലം 259 പേര് ജീവനൊടുക്കിയപ്പോള്‍ പ്രണയ പരാജയത്തില്‍ 230 ജീവനൊടുക്കലുകളും തൊഴിലില്ലായ്മയില്‍ 81 ആത്മഹത്യകളും കാരണമായി.
കൊല്ലം ജില്ലയില്‍ മാനസീക പ്രശ്നങ്ങളെ തുടര്‍ന്ന് 130 ആത്മഹത്യകളാണ് ഉണ്ടായിട്ടുള്ളത്. കുടുംബ പ്രശ്നങ്ങളില്‍ 150 ജീവനുകള്‍ പൊലിഞ്ഞപ്പോള്‍ രോഗം വന്ന് 76, പ്രണയപരാജയത്തില്‍ 26 എന്നിങ്ങനെയായിരുന്നു കണക്കുകള്‍. കേരളത്തില്‍ ആത്മഹത്യയില്‍ രണ്ടാമത് നില്‍ക്കുന്നത് കഴിഞ്ഞ വര്‍ഷം 405 ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തൃശൂരാണ്. 21.8 ആയിരുന്നു ആത്മഹത്യാ നിരക്ക്. കടവും ജപ്തിയുമാണ് തൃശൂരില്‍ സ്വയം ജീവനൊടുക്കലിലെ പ്രധാന പ്രശ്നം. 48 ആണ് ഈ വിഭാഗത്തിലെ ആത്മഹത്യകള്‍.
മതിയായ ആത്മഹത്യാ പ്രതിരോധ വിഭാഗം സംസ്ഥാനത്തിന് ഇല്ല എന്നാണ് മന:ശ്ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. കൊല്ലത്തും തിരുവനന്തപുരത്തും ആത്മഹത്യാനിരക്ക് ഏറുന്നത് വര്‍ഷങ്ങളായുള്ള പ്രവണതയാണെന്ന് ഇവര്‍ പറയുന്നു. മതിയായ എന്‍ജിഒ കളും മാനസീകാരോഗ്യകേന്ദ്രങ്ങളും കൂടുതല്‍ ഉള്ളതാണ് കൊച്ചി പോലെയുള്ള വലിയ നഗരത്തില്‍ ആത്മഹത്യകള്‍ കുറയാന്‍ കാരണമെന്നും ഇവര്‍ പ്രതികരിക്കുന്നു.






