
കൊളംബോ: ശ്രീലങ്കയുടെ കിഴക്കന്‍ തീരത്ത് എണ്ണക്കപ്പല്‍ തീപിടിച്ചതിനെ തുടര്‍ന്ന് കേരളമടക്കമുള്ള ഇന്ത്യന്‍ തീരങ്ങളില്‍ ആശങ്ക. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ വലിയ ക്രൂഡ് കാരിയര്‍ എണ്ണക്കപ്പലായ ന്യൂ ഡയമണ്ടാണ് തീപിടിച്ചത്. ടാങ്കറില്‍ നിന്നും എണ്ണചോര്‍ച്ച ഉണ്ടാകാതിരിക്കാന്‍ നടപടിയെടുക്കുമെന്ന് ശ്രീലങ്കയുടെ മറൈന്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി അറിയിച്ചിട്ടുണ്ടെങ്കിലം ആശങ്ക തുടരുകയാണ്.
കുവൈത്തിലെ മിനാ അല്‍ അഹമ്മദി എന്ന തുറമുഖത്ത് നിന്നും ഇന്ത്യയിലേക്ക് എണ്ണയുമായി പുറപ്പെട്ട ന്യൂ ഡയമണ്ട് എന്ന കപ്പലാണ് തകര്‍ന്നത്. വ്യാഴാഴ്ച ശ്രീലങ്കയുടെ കിഴക്കന്‍ തീരത്ത് വെച്ച തീ പിടിക്കുകയായിരുന്നു. ശ്രീലങ്കയുടെ കിഴക്കന്‍ തീരത്ത് നിന്നും 20 നോട്ടിക്കല്‍ മൈല്‍ ദൂരെ വെച്ച് ഇന്ത്യന്‍ സമയം വ്യാഴാഴ്ച രാവിലെ 7.45 നാണ് തീപിടിത്തമുണ്ടായത്. സ്ഫോടനത്തെ തുടര്‍ന്ന് കപ്പലിന് തീപിടിച്ചു.
ഏകദേശം രണ്ട് ദശലക്ഷം ബാരല്‍ എണ്ണ വഹിക്കാന്‍ ശേഷിയുള്ള കപ്പലാണ് ഇതെന്ന് ഐഒസി വ്യക്തമാക്കുന്നു. തീപിടുത്തത്തല്‍ 23 ജീവനക്കാരില്‍ ഒരാളായ ഫിലിപ്പീന്‍സ് സ്വദേശിക്കാണ് പരിക്കേറ്റത്. കപ്പലില്‍ അഞ്ച് ഗ്രീക്കുകാരും 18 ഫിലിപ്പൈന്‍ തൊഴിലാളികളുമാണ് ഉണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യന്‍ നേവിയുടെ നാലു കപ്പലുകള്‍ എത്തിച്ചേര്ന്നിട്ടുട്ടുണ്ട്. രണ്ട റഷ്യന്‍ ആന്റി സബ് മറൈന്‍ ഷിപ്പുകളും സ്ഥലത്ത് എത്തിയിട്ടുണ്ടെന്നാണ് വിവരം. ശ്രീലങ്കയുടെ രണ്ടു കപ്പലുകളും ഒരു വിമാനവും ഇവിടേയ്ക്ക് പോയിട്ടുണ്ട്.
ഒഡീഷയിലെ ഭുവനേശ്വറിന് സമീപത്തെ പാരഡീപ് തുറമുഖത്തേക്കായിരുന്നു കപ്പലിന്റെ യാത്ര. പാരഡീപിലെ പ്രതിദിനം മൂന്ന് ലക്ഷം ബാരല്‍ എണ്ണ ശുദ്ധീകരണത്തിന് സാധ്യമാക്കുന്ന റിഫൈനറിയിലേക്ക് ഇന്ധനവുമായി പോയതായിരുന്നു കപ്പല്‍. അതേസമയം കപ്പലില്‍ എണ്ണ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. എഞ്ചിന് റൂമും അതിനു ചുറ്റുമുള്ള ചില പ്രദേശങ്ങളിലും മാത്രമാണ് ഇതുവരെ അപകടം നടന്നതെന്നാണ് ശ്രീലങ്കന്‍ വിഭാഗം പറയുന്നത്. ഡബിള്‍ ഹള്‍ വിഎല്‍സിസിയില്‍ ഇതുവരെയായി എണ്ണ ചോര്‍ച്ച രേഖപ്പെടുത്തിയിട്ടില്ല.
പക്ഷേ അത് കപ്പലിന് സംഭവിച്ച നാശത്തെ ആശ്രയിച്ചിരിക്കുമെന്നാണ് വിവരം. ഇപ്പോഴത്തെ കടല്‍ ഒഴുക്കും മറ്റ് കാലാവസ്ഥാ രീതികളും വച്ച് നോക്കുകയാണെങ്കില്‍ ഇന്ധനക്കപ്പലില്‍ ചോര്‍ച്ചയുണ്ടായാല്‍ മണിക്കൂറുകള്‍ കൊണ്ട് അത് കേരളമടക്കമുള്ള ഇന്ത്യന്‍ തീരങ്ങളിലെത്തുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഇന്ധനം കടലില്‍ പടര്‍ന്നാല്‍ അത് ശ്രീലങ്കയിലേയും ഇന്ത്യയിലേയും മത്സ്യസമ്പത്തിനെ കാര്യമായി ബാധിക്കും. തീരദേശത്തോട് ചേര്‍ന്നുള്ള കടിലെ പാരിസ്ഥിതികാവസ്ഥയെ അത് തകിടം മറിക്കുകയും ചെയ്യും. എന്നാല്‍ നിലവില്‍ ആശങ്കയ്ക്ക് വകയില്ലെന്നും കപ്പലിലെ ഇന്ധന ടാങ്കിന് കേടുപാടില്ലെന്നും അധികൃതര്‍ പറയുന്നു.
ആഗസ്റ്റ് ആദ്യം ജപ്പാനീസ് ചരക്ക് കപ്പലായ എം വി വകാഷിയോ മൗറീഷ്യസ് ദ്വീപിന് സമൂപത്ത് കൂടി സഞ്ചരിക്കവേ പാറക്കെട്ടില്‍ ഇടിച്ച് തകര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് തകര്‍ന്ന കപ്പലില്‍ നിന്ന് 1,000 ടണ്ണിന് മുകളില്‍ ഇന്ധനം മൗറീഷ്യസിന്റെ തീരദേശത്തേക്ക് ഒഴുകിയെത്തി. 4,000 ടണ്‍ ഇന്ധനമായിരുന്നു എം വി വകാഷിയോയില്‍ ഉണ്ടായിരുന്നത്. ഇതിനെ തുടര്‍ന്ന് മൗറീഷ്യസ് 'പാരിസ്ഥിതിക അടിയന്തരാവസ്ഥ' പ്രഖ്യാപിച്ചു.






