
രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ വോഡഫോണ്‍-ഐഡിയയുടെ പേര് മാറ്റി. വോഡഫോണും ഐഡിയയും സംയോജിപ്പിച്ച് 'വി' എന്നാണ് പേരു മാറ്റിയിരിക്കുന്നത്. ലയന പ്രഖ്യാപനം നടത്തി രണ്ടു വര്‍ഷത്തിനു ശേഷമാണ് പേരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
രണ്ട് ബ്രാന്‍ഡുകളുടെയും സംയോജനം പൂര്‍ത്തിയായതോടെ പുതിയൊരു തുടക്കത്തിനുള്ള സമയമാണിതെന്ന് പേരിടല്‍ പ്രഖ്യാപനത്തിനിടെ വോഡഫോണ്‍-ഐഡിയ എംഡിയും സിഇഒയുമായ രവീന്ദ്രര്‍ താക്കര്‍ വ്യക്തമാക്കി.
ഈ വര്‍ഷം ആകെ ക്രമീകരിച്ച മൊത്ത വരുമാനത്തിന്റെ(എജിആര്‍) കുടിശികയുടെ 10 ശതമാനം അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ 10 തവണകളായി അടയ്ക്കണമെന്ന് ടെലികോം ഓപ്പറേറ്റര്‍മാരോട് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെ ഇക്വിറ്റി, ഡെറ്റ് എന്നിവ സംയോജിപ്പിച്ച് 25,000 കോടി രൂപ സമാഹരിക്കാനുള്ള പദ്ധതിക്ക് വോഡഫോണ്‍-ഐഡിയ ബോര്‍ഡ് വെള്ളിയാഴ്ച അനുമതി നല്‍കുകയും ചെയ്തു. 'വി' ക്ക് ഏകദേശം 50,000 കോടി രൂപയാണ് കുടിശികയുള്ളത്.






