
മലയാളത്തില്‍ എക്കാലത്തും ഹിറ്റായി നില്ക്കുന്ന അപൂര്‍വ്വം ചില ചിത്രങ്ങളിലൊന്നാണ് ഫാസില്‍ സംവിധാനം ചെയ്ത് 1993ല്‍ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ്. ഒരു സൈക്കോളജിക്കല്‍ ത്രില്ലറായ ചിത്രത്തിലെ കഥ തന്നെയായിരുന്നു ശ്രദ്ധേയം. മധു മുട്ടത്തിന്റെ തിരക്കഥയില്‍ ശോഭന, തിലകന്, മോഹന്‍ലാല്‍, സുരേഷ് ഗോപി, നെടുമുടി വേണു, വിനയ പ്രസാദ്, ഇന്നസെന്റ് എന്നു തുടങ്ങി വന്‍ താര നിരകൊണ്ട് തന്നെ സമ്പന്നമായിരുന്നു ഈ ചിത്രം.
മികച്ച നടിക്കും മികച്ച ജനപ്രിയ ചിത്രത്തിനും ഉള്‍പ്പടെ രണ്ട് ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ചിത്രം തിയേറ്ററുകളില്‍ വന്‍ ഹിറ്റ് സൃഷ്ടിക്കുകയും ചെയ്തു. മണിച്ചിത്രത്താഴിലെ ഓരോ രംഗങ്ങളും സംഭാഷണങ്ങളുമൊക്കെ മലയാളി പ്രേക്ഷകര്‍ക്ക് കാണാപാഠമാണ്. ഇപ്പോഴിതാ മണിച്ചിത്രത്താഴ് മിനിസ്ക്രീനിലേക്കെത്തുകയാണ്. മണിച്ചിത്രത്താഴ് എവിടെ അവസാനിച്ചുവോ അവിടുന്ന് തുടങ്ങുന്നതാവും സീരിയലിന്റെ കഥ.
'മണിച്ചിത്രത്താഴ് അവസാനിക്കുന്നത്, നകുലനും ഗാംഗക്കുമൊപ്പം കല്‍ക്കട്ടയിലേക്ക് തിരിക്കുന്ന സണ്ണിയെ കാണിച്ചു കൊണ്ടാണ്. ഞങ്ങള്‍ അവിടെ നിന്നായിരിക്കും ആരംഭിക്കുക. നകുലന്റെയും ഗംഗയുടെയും കല്‍ക്കട്ടയിലെ ജീവിതം, ബന്ധുക്കള്‍ ഇവയെല്ലാം കഥയില്‍ ഉണ്ടാകും. സിനിമയില്‍ പലയിടത്തും ഗംഗയുടെ ബന്ധുക്കളെക്കുറിച്ചു പരാമര്‍ശിക്കുന്നുണ്ട്, ആ കഥാപാത്രങ്ങളും ഉണ്ടാകും സീരിയലില്‍. ഗംഗയുടെ ജീവിതത്തിനു പുറമെ, നാഗവല്ലിയുടെ ചരിത്രവും സീരിയലില്‍ ഉള്‍ക്കൊള്ളിക്കും. തഞ്ചാവൂര്‍ ഭൃഗതേശ്വര ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിലാകും ഇത്'' ജയകുമാര്‍ പറയുന്നു.






