
ഒരുകാലത്ത് അഭിനയത്തില്‍ സജീവമായിരുന്ന താരമായിരുന്നു നടി ചന്ദ്ര ലക്ഷ്മണ്. സീരിയലില്‍ മാത്രമല്ല സിനിമയിലും താരം വേഷമിട്ടിട്ടുണ്ട്. സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം. വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനോടൊപ്പം പുതിയ ചിത്രങ്ങളും താരം പോസ്റ്റ് ചെയ്യാറുണ്ട്. അഭിനയ മേഖലയിലേക്ക് മടങ്ങി വരാന്‍ ഒരുങ്ങുകയാണ് ചന്ദ്ര. അഭിനയത്തെ കുറിച്ചും വിവാഹത്തെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകളെ കുറിച്ചുമൊക്കെ ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തുറന്ന് പറയുകയാണ് ചന്ദ്ര.
'' കല്യാണം എപ്പോഴാണ് എന്ന ചോദ്യം കേട്ടു മടുത്തു. കല്യാണം കഴിയാത്ത ഞാന്‍ കല്യാണം കഴിച്ച് അമേരിക്കയില്‍ സെറ്റിലായി എന്ന വാര്‍ത്ത വന്നത് അടുത്തിടെയാണ്. ഈ വാര്‍ത്ത കണ്ട് ഞാനും അപ്പയും അമ്മയുമൊക്കെ ഒരുപാട് ചിരിച്ചു. കല്യാണം എന്ന് പറയുന്നത് എടുത്ത് ചാടി ചെയ്യേണ്ട ഒരു കാര്യമല്ല. ഇത്രയും കാലമായി കല്യാണം കഴിക്കാത്തത് പ്രേമനൈരാശ്യം കാരണമാണോ എന്ന് ചോദിച്ചാല്‍ അല്ല. ഞാന്‍ ഒരു അവശ കാമുകിയൊന്നുമല്ല, പ്രേമമൊക്കെ ഉണ്ടായിട്ടുണ്ട് പക്ഷേ നൈരാശ്യമൊന്നും ഉണ്ടായിട്ടില്ല.
എന്റെ നല്ല സുഹൃത്തുക്കള്‍ തന്നെ പിന്നീട് കാമുകന്മാരായിട്ടുണ്ട്. പ്രണയം മുന്നോട്ട് കൊണ്ട് പോകാന്‍ പറ്റില്ലെന്ന അവസ്ഥയില്‍ ഞങ്ങള്‍ കൈ കൊടുത്ത് പിരിഞ്ഞവരാണ്. നിമിത്തത്തില് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഒന്നും മുന്‍കൂട്ടി തീരുമാനിക്കാറില്ല. എന്താണോ സംഭവിക്കുന്നത് അതനുസരിച്ച് മുമ്പോട്ടു പോവുകയാണ് പതിവ്. എന്റെ ആദ്യ സിനിമ എ കെ സാജന്റെ സ്റ്റോപ് വയലന്‍സാണ്. ഇപ്പോള്‍ ഞാന്‍ തിരിച്ച് വരുന്ന സിനിമയുടെ പേര് 'ഗോസ്റ്റ് റൈറ്റര്‍'. രണ്ടിന്റെയും ടൈറ്റില്‍ ഇംഗ്ലീഷിലാണ്. ഞാന്‍ ഈ ചിത്രം തെരഞ്ഞെടുക്കാന്‍ ഒരു കാരണം ഈ ചിത്രത്തിന്റെ ടൈറ്റിലാണ്'' - ചന്ദ്ര പറയുന്നു.






