മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ വിവാദം കൊടുമ്പിരി കൊണ്ടിരിക്കെ ബോളിവുഡ് നടി കങ്കണ റണാവത്ത് ഗവര്‍ണര്‍ ബി.എസ് കോഷിയാരിയുമായി കൂടിക്കാഴ്ച നടത്തി. നിലവിലെ സാഹചര്യത്തെക്കുറിച്ച് ഗവര്‍ണറെ അറിയിച്ചുവെന്ന് കങ്കണ പറഞ്ഞു. തനിക്ക് നീതി നിഷേധിക്കപ്പെട്ടുവെന്ന് ഗവര്‍ണറെ ബോധ്യപ്പെടുത്തിയെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഞാന്‍ രാഷ്ട്രീയക്കാരിയല്ല. എനിക്ക് രാഷ്ട്രീയ ബന്ധമില്ല. ഒരു സാധാരണക്കാരി എന്ന നിലയിലാണ് തനിക്ക് പറയാനുള്ളത് ഗവര്‍ണറെ അറിയിച്ചതെന്നും കങ്കണ പറഞ്ഞു. നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് നീതിന്യായ സംവിധാനങ്ങളിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുമെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു. ഗവര്‍ണര്‍ ഒരു മകളെപ്പോലെയാണ് തന്നെ കേട്ടതെന്നും അതില്‍ നന്ദിയുണ്ടെന്നും കങ്കണ പറഞ്ഞു.
ശിവസേനയുമായുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായിരിക്കെയാണ് കങ്കണ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്. സഹോദരി രംഗോലിക്കൊപ്പമെത്തിയാണ് കങ്കണ ഗവര്‍ണറെ കണ്ടത്. അതിന് മുമ്പ് കര്‍ണി സേനാ നേതാക്കളുമായും കങ്കണ കൂടിക്കാഴ്ച നടത്തിയിരുന്നു.
സുശാന്ത് സിംഗ് രാജ്പുതിന്െ്റ മരണം രാഷ്ട്രീയ വിഷയമായതോടെയാണ് കങ്കണ ശിവസേനയ്ക്കും മഹാരാഷ്ട്ര സര്‍ക്കാരിനുമെതിരെ രംഗത്ത് വന്നിരിക്കുന്നത്. കങ്കണയെ മുന്നില്‍ നിര്‍ത്തി മഹാരാഷ്ട്രാ സര്‍ക്കാരിനെതിരെ പ്രചാരണം നടത്തുന്നത് ബി.ജെ.പിയാണെന്നും ആരോപണമുയര്‍ന്നിരുന്നു. ഇതിനിടെ കങ്കണയുടെ മുംബൈയിലെ അനധികൃത ഓഫീസ് കെട്ടിടം കോര്പ്പറേഷന് അധികൃതര്‍ പൊളിച്ചുമാറ്റിയതോടെ ഏറ്റുമുട്ടല്‍ കൂടുതല്‍ രൂക്ഷമായി.






