
തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് വിഭാഗം ചോദ്യം ചെയ്ത മന്ത്രി കെടി ജലീൽ മലപ്പുറം വളാഞ്ചേരിയിലെ വീട്ടിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. റോഡ് മാർഗമാണ് യാത്ര. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് യാത്ര. വീട്ടിൽ നിന്ന് ഇറങ്ങിയത് മുതൽ ഇതുവരെ പല സ്ഥലത്തും പ്രതിപക്ഷ സംഘടനാ പ്രവർത്തകർ കരിങ്കൊടി വീശി.
മലപ്പുറം വളാഞ്ചേരിയിലെ വീട്ടിൽ നിന്നും യാത്ര പുറപ്പെട്ട ഉടൻ മന്ത്രിക്ക് നേരെ യുവമോർച്ച പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും കരിങ്കൊടി വീശി. മന്ത്രി വഴിയിൽ കുറിപ്പുറം കമ്യൂണിറ്റി സ്കിൽ പാർക്ക് സൈറ്റ് സന്ദർശിച്ചു. യാത്ര തുടർന്ന മന്ത്രിക്ക് നേരെ ചങ്ങരംകുളത്ത് വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. പിന്നീട് പെരുമ്പിലാവിൽ വച്ച് യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ഇവിടെ പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
തൃശൂർ കിഴക്കേകോട്ടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി. പിന്നീട് പാലിയേക്കരയിലും ഇരു സംഘടനകളും പ്രതിഷേധം നടത്തി. പ്രതിഷേക്കാർ മന്ത്രിയുടെ വാഹന വ്യൂഹം തടഞ്ഞു. മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് പ്രവർത്തകർ ചാടിവീണു. രണ്ടു പേർക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസ് നേതാവ് സജീർ ബാബുവിന്റെ കയ്യൊടിഞ്ഞു.
അങ്കമാലിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ആലുവ കമ്പനിപ്പടിയിൽ യുവമോർച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ഇവരിൽ ചിലരെ പോലീസ് മന്ത്രിയെത്തുന്നതിന് മുൻപ് കരുതൽ തടങ്കലിൽ എടുത്തിരുന്നു.






