
ന്യൂഡല്‍ഹി: വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ ഫോട്ടോയെടുക്കുന്നതിന് വിലക്കില്ലെന്ന് ഡിജിസിഎയുടെ(ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) വിശദീകരണം. വിമാനത്തിനുള്ളില്‍ ആരെങ്കിലും ഫോട്ടോയെടുത്താല്‍ സര്‍വീസ് രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെപ്പിക്കുമെന്ന് വിമാന കമ്പനികള്‍ക്ക് ഡിജിസിഎ ശനിയാഴ്ച കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തരവില്‍ തിരുത്തല്‍ വരുത്തിയത്.
വിമാനത്തിനുള്ളില്‍ ഫോട്ടോഗ്രഫിക്ക് യാതൊരു വിലക്കുമില്ല. കര്‍ശന നിയന്ത്രണങ്ങളുള്ള വിമാനത്തിന്റെ ടേക്ക് ഓഫ്, ലാന്‍ഡിങ് വേളയില്‍ ഒഴികെ യാത്രക്കാര്‍ക്ക് തുടര്‍ന്നും വീഡിയോ എടുക്കാം. ഡിജിസിഎ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.
ചണ്ഡിഗഡ്-മുംബൈ ഇന്‍ഡിഗോ വിമാനത്തില്‍ നടി കങ്കണ റണൗട്ടിന്റെ ഫോട്ടോയെടുക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചതിനു പിന്നാലെയാണ് വിമാനത്തിനുള്ളില്‍ ലെ ഫോട്ടോഗ്രാഫി വിലക്കിയത്. ഇതോടെ സുരക്ഷ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ കഴിഞ്ഞ ദിവസം ഡിജിസിഎ നിര്‍ദേശിച്ചിരുന്നു.






