
തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ച, സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനൊപ്പം സെല്‍ഫി എടുത്തതിന് ആറ് വനിതാ പോലീസുകാര്‍ക്ക് താക്കീത്. ഡ്യൂട്ടിയിലുണ്ടായിരുന്നു ഒരു ഉദ്യോഗസ്ഥയുടെ ഫോണിലാണ് ഇത്തരത്തില്‍ സെല്‍ഫി എടുത്തത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണം ആരംഭിച്ചു.
സ്വപ്നയ്ക്കും റമീസിനും ഇന്ന് വിദഗ്ധ പരിശോധന നടത്തും. മൂന്ന് വനിതാ പോലീസുകാരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഡ്യൂട്ടി മാറുന്ന സമയത്ത്് മറ്റ് മൂന്നുപേരും കൂടി എത്തിയ സമയത്താണ് സെല്‍ഫി എടുത്തത്. ആശുപത്രിയിലെ വനിതാ സെല്ലില്‍ നിന്ന് സ്വപ്ന ഫോണ്‍ ചെയ്തെന്ന വാര്‍ത്ത നിലനില്‍ക്കുമ്പോഴാണ് ഇത്തരത്തില്‍ പോലീസുകാരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായത്. അതേ സമയം, സ്വപ്ന ഫോണ്‍ ചെയ്തിട്ടില്ലെന്ന് നഴ്സുമാര്‍ മൊഴി നല്കി. കൂടാതെ, ഇന്റലിജന്റ്സ് അന്വേഷണത്തിലും ഫോണ്‍ വിളിച്ചതായി കണ്ടെത്തിയിട്ടില്ല.
സ്വപ്ന ആശുപത്രിയില്‍ കഴിഞ്ഞ ആറ് ദിവസവും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു. ഇവരുടെ ഫോണ്‍ വിളിയുടെ വിശദാംശങ്ങള്‍ പരിശോധിക്കും. ഇത് സംബന്ധിച്ച് ഇന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ജയില്‍ വകുപ്പിന് റിപ്പോര്‍ട്ട് കൈമാറും.






