
ബെംഗളൂരു: ലഹരിമരുന്ന് റാക്കറ്റ് കേസില്‍, സഞ്ജനയെ ചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങള്‍ ശ്രീലങ്കയിലേക്ക് നീളുന്നു. നടിക്കുള്ള ലങ്കന്‍ ബന്ധമാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ശ്രീലങ്കയിലെ ചൂതാട്ടകേന്ദ്രം നടത്തിപ്പില്‍ പങ്കാളികളായ ബെംഗളൂരുവിലെ 3 വ്യവസായികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ബെംഗളൂരുവില്‍ നിന്നു ശ്രീലങ്കയിലേക്കും തിരിച്ചും ലഹരി മരുന്ന് കടത്തിയതിന്റെ തെളിവുകള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസിന്റെ ആഭ്യന്തര സുരക്ഷാ, ഇന്റലിജന്‍സ് വിഭാഗങ്ങള്‍ അന്വേഷണം വ്യാപിപ്പിക്കുന്നത്.
സഞ്ജന ഗല്‍റാണിയുടെയും രാഗിണിയുടെ സുഹൃത്ത് രവിശങ്കറിന്റെയും ലഹരി പാര്‍ട്ടി സംഘാടകനായ വിരേന്‍ ഖന്നയുടേയും പോലീസ് കസ്റ്റഡി 16 വരെ നീട്ടി. സഞ്ജന ഇതുവരെ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടില്ല.
കോണ്‍ഗ്രസ് എംഎല്‍എ സമീര്‍ അഹമ്മദ് ഖാന്റെ അടുത്ത അനുയായി ഷെയ്ഖ് ഫസിയുള്ളയ്ക്കായുള്ള തിരച്ചില്‍ പോലീസ് വ്യാപകമാക്കി. ഈ മാസം 4ന് അറസ്റ്റിലായ നടി രാഗിണി ദ്വിവേദി, കൊച്ചി കലൂര്‍ സ്വദേശി നിയാസ് മുഹമ്മദ്, സെനഗല്‍ പൗരന്‍ ലോം പെപ്പര്‍ സാംബ, പ്രശാന്ത് രങ്ക, രാഹുല്‍ ഷെട്ടി എന്നിവരെ ബെംഗളൂരു മജിസ്‌ട്രേട്ട് കോടതി14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.






