
വാഷിങ്ടണ്‍ ഡി.സി: പശ്ചിമേഷ്യയില്‍ സമാധാനത്തിനും സുസ്ഥിരതയ്ക്കും ആക്കം പകര്‍ന്ന്, യു.എ.ഇയും ബഹ്റൈനുമായുള്ള ചരിത്ര കരാറില്‍ ഒപ്പുവച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു. ലോകത്തിനുതന്നെ ഇത് അത്ഭുതദിനമാണെന്നും മുസ്ലിംകള്ക്കും ജൂതന്മാര്ക്കും ക്രൈസ്തവര്‍ക്കും ഒന്നിച്ചു ജീവിക്കാനും പ്രാര്‍ഥിക്കാനും സ്വപ്നം കാണാനുമുള്ള പാതയാണ് ''അബ്രാഹം'' കരാറിലൂടെ തുറന്നുകിട്ടിയതെന്നും ചടങ്ങില്‍ യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
കരാര്‍ ഒപ്പിടാന്‍ ഇസ്രേലി, അറബ് നേതാക്കള്‍ കാട്ടിയ ധൈര്യം എല്ലാ മതസ്ഥര്‍ക്കും സമാധാനത്തിലും അഭിവൃദ്ധിയിലും ഒന്നിച്ചു മുന്നേറാനും നല്ലൊരു ഭാവിയിലേക്കു ചുവടുവയ്ക്കാനും വഴിയൊരുക്കുമെന്നും ട്രംപ് പറഞ്ഞു. ലോകസമാധാനത്തിനായി ആയിരക്കണക്കിനു വര്‍ഷങ്ങള്‍ പ്രാര്‍ഥിച്ചവരാണ് യഹൂദരെന്നും അബ്രാഹത്തിന്റെ മക്കള്‍ക്കെല്ലാം പ്രതീക്ഷപകരുന്ന സുദിനമാണിതെന്നും ബെന്യാമിന് നെതന്യഹു പറഞ്ഞു. വൈറ്റ്ഹൗസില്‍ ട്രംപിന്റെ സാന്നിധ്യത്തിലാണു യു.എ.ഇ. വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്, ഇസ്രേലി പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു, ബഹ്റൈന്‍ വിദേശകാര്യ മന്ത്രി അബ്ദുലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി എന്നിവര്‍ കരാറില്‍ ഒപ്പുവച്ചത്. മൂന്നു രാജ്യങ്ങളുടെയും ഭരണ-നയതന്ത്ര സംഘങ്ങളടക്കം 700 പേര് സാക്ഷികളായി.
യു.എ.ഇയും ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധത്തിനു തയാറെടുത്തതു കഴിഞ്ഞ മാസം പതിമൂന്നിനാണ്. ഈ മാസം 11 നു ബഹ്റൈനും യു.എ.ഇയുടെ പാത സ്വീകരിച്ചു. പശ്ചിമേഷ്യയിലെ അഞ്ചോ ആറോ രാജ്യങ്ങള്‍ കൂടി വൈകാതെ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുമെന്ന് ട്രംപ് പറഞ്ഞു. സൗദി ഭരണനേതൃത്വവുമായി ഇക്കാര്യത്തില്‍ ആശയവിനിമയം തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാനുള്ള യു.എ.ഇയുടെ തീരുമാനത്തില്‍ പലസ്തീന് കടുത്ത പ്രതിഷേധത്തിലാണ്. യു.എ.ഇയില്‍നിന്നു സ്ഥാനപതിയെ തിരിച്ചുവിളിച്ചു പലസ്തീന് അവരുടെ നിലപാട് വ്യക്തമാക്കിയിരുന്നു.






