
തൃശൂര്‍: സ്വര്‍ണ്ണക്കടത്ത് കേസിലെ കൂട്ടുപ്രതി കെ.ടി റമീസിനൊപ്പം ജയിലില്‍നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്താനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായി സ്വപ്ന സുരേഷ് നെഞ്ചുവേദനയുണ്ടെന്ന് അഭിനയിക്കുകയായിരുന്നുവെന്ന സംശയം ശക്തമായി. സ്വപ്ന തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇന്നലെ ആന്‍ജിയോഗ്രാം പരിശോധന നടത്താനായില്ല. തുടര്‍ന്ന് ഇവരെ ജയിലിലേക്ക് തിരിച്ചയക്കുകയായിരുന്നു.
സ്വപ്നയ്ക്കും വയറുവേദനയെന്ന് നടിച്ച് ആശുപത്രിയിലെത്തിയ റമീസിനും ഗുരുതര ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തലും. നെഞ്ചുവേദന അഭിനയമാണോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. സ്വപ്നയേയും റമീസിനേയും എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നതിനിടയിലാണ് ഇരുവര്‍ക്കും രോഗമുണ്ടായി ആശുപത്രിയിലാക്കിയത്. എന്നാല്‍ ഇനിയും ചോദ്യം ചെയ്യുമ്പോള്‍ ഒരുപോലെയുള്ള മൊഴികള്‍ നല്‍കാനും തുടര്‍നടപടികള്‍ ആസൂത്രണം ചെയ്യാനും വേണ്ടി അസുഖ നാടകം നടത്തുകയായിരുന്നോ എന്നാണ് പ്രധാനമായും ഉയര്‍ന്നിരിക്കുന്ന സംശയം. ഇതിനിടയിലാണ് സ്വപ്ന ആശുപത്രിയില്‍ നിന്നും ഫോണ്‍ ചെയ്തെന്ന വിവാദവും വന്നിരിക്കുന്നത്.
ഇതോടെ ആശുപത്രിവാസം ആസൂത്രണമായിരുന്നോ എന്ന സംശയം ശക്തമായി. ഇരുവര്‍ക്കും സന്ദര്‍ശകരെ അനുവദിക്കരുത് എന്നും പുറം ലോകവുമായി ആശയ വിനിമയത്തിന് അവസരം ഒരുക്കരുതെന്നും കാട്ടി ജയില്‍ സൂപ്രണ്ടുമാര്‍ പോലീസിന് കത്ത് നല്‍കിയിരുന്നു.
ത്യശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്വപ്ന സുരേഷിന് ആന്‍ജിയോഗ്രാം നടത്താന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചെങ്കിലും അവസാനനിമിഷം സ്വപ്ന പിന്മാറിയതുമൂലം ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ച്ചയായി രണ്ട് തവണയാണ് സ്വപ്ന ശക്തമായ നെഞ്ചുവേദനയുണ്ടെന്ന് കാണിച്ച് ജയിലില്‍നിന്ന് ചികിത്സതേടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയത്. മറ്റ് രോഗികള്‍ക്കായി നേരത്തെ നിശ്ചയിച്ച ആന്‍ജിയോഗ്രാം ടെസ്റ്റുകള്‍ സുരക്ഷയുടെ പേരില്‍ മാറ്റിവച്ചാണ് സ്വപ്നയ്ക്കായി സൗകര്യമൊരുക്കിയത്.
തിങ്കളാഴ്ച്ച ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനപ്രകരമാണ് സ്വപനയക്ക് ആന്‍ജിയോ ഗ്രാം ടെസറ്റ് നടത്താനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത്. പക്ഷേ തിങ്കളാഴ്ച്ച നടത്തിയ ഏക്കോ ടെസറ്റില്‍ ആരോഗ്യപ്രശ്നങ്ങളൊന്നും കണ്ടെത്താന്‍ സാധിച്ചില്ല.
തുടര്‍ന്നാണ് ചൊവ്വാഴ്ച്ച രാവിലെ സ്വപ്നയ്ക്ക് ആന്‍ജിയോഗ്രാം പരിശോധന നടത്താന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിക്കുകയും ഇതിനായി പ്രത്യേക സൗകര്യം ഒരുക്കുകയും ചെയ്തത്. കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ.സിബി മാത്യുവിന്റെ നേത്യത്വത്തില്‍ വിദഗ്ദഡോകടര്മാരുടെ സംഘം രാവിലെമുതല്‍ തയ്യാറായി നിന്നു. എന്നാല്‍ അവസാനനിമിഷം ആന്‍ജിയോഗ്രം പരിശോധനയ്ക്ക് സ്വപ്ന വിസമ്മതിക്കുകയായിരുന്നു.
അതേസമയം തന്നെ സ്വപ്നയെ പാര്‍പ്പിച്ച സെല്ലിനോട് ചേര്‍ന്ന വാര്‍ഡില്‍ ഒരു രോഗിയ്ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് സമ്മതമല്ലെന്ന് സ്വപ്ന സുരേഷ് രേഖാമൂലം അറിയിച്ചതോടെ ഡോക്ടര്‍മാരും പിന്‍വാങ്ങി. ആന്‍ജിയോഗ്രാം കഴിഞ്ഞാല്‍ നീരിക്ഷണത്തിന്റെ ഭാഗമായി രണ്ട് ദിവസംകൂടെ ആശുപത്രിയില്‍ കഴിയേണ്ടിവരും. സുരക്ഷാവിഷയങ്ങള്ക്കൊപ്പം കോവിഡ് ഭീതിയും ഉയര്‍ന്നതോടെ പ്രതിസന്ധിയായി. ഇതിനിടെയാണ് പരിശോധനയ്ക്ക് സ്വപ്ന വിസമ്മതവും അറിയിച്ചത്.
തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് സ്വപ്നയെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. എന്‍ഡോസ്കോപിയില്‍ ആരോഗ്യപ്രശ്നങ്ങളൊന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് കൂട്ട് പ്രതിയായ കെ.ടി റമീസിനെ അതിസുരക്ഷ ജയിലേക്കും മാറ്റി. കൂട്ടുപ്രതിയ്ക്കൊപ്പം ജയിലിലെത്തി മറ്റേതോ കേന്ദ്രങ്ങളുമായി ആശയവിനിമയത്തിനായുള്ള അഭിനയമായിരുന്നു സ്വപ്നയുടെ നെഞ്ചുവേദനയെന്ന സംശയമാണ് ഇതോടെ ബലപ്പെട്ടത്.
ജയിലിലെ കര്‍ശന നിയന്ത്രണങ്ങള്‍ സ്വപ്നയ്ക്കും റമീസിനും താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു താനും. സെല്ലില്‍ ഏകാന്ത വാസമായിരുന്നു സ്വപ്നയ്ക്ക് നല്‍കിയിരുന്നത്. പകല്‍സമയത്ത് മറ്റ് തടവുകാരെ പുറത്തിറക്കുമ്പോഴും സ്വപ്നയെ പുറത്തേക്ക് കൊണ്ടുപോയിരുന്നില്ല. ഓരോ അരമണിക്കൂറിലും രാത്രി പാറാവുകാര്‍ എത്തി സെല്ലിനകം നീരീക്ഷിക്കുകയും ഒപ്പിടുകയും വേണമായിരുന്നു.
പോലീസിന്റെ ഈ രീതിയിലുള്ള ട്രീറ്റ്മെന്റില്‍ നിന്നും രക്ഷപ്പെടാന്‍ കൂടിയുളള അവസരമായിരുന്നു ആശുപത്രിവാസം. അതുകൊണ്ടു തന്നെ അരമണിക്കൂര്‍ വ്യത്യാസത്തിലായിരുന്നു സ്വപ്നയുടെ നെഞ്ചുവേദനയും റമീസിന്റെ വയറുവേദനയുമെന്നാണ് സംശയം.






