
ന്യുഡല്‍ഹി: സഭയില്‍ എപ്പോഴും മാസ്ക് ധരിക്കണമെന്ന് രാജ്യസഭാംഗങ്ങളോട് ചെയര്മാന് എം. വെങ്കയ്യ നായിഡുവിന്റെ അഭ്യര്‍ത്ഥന. സംസാരിക്കുമ്പോള്‍ മാസ്ക് വയ്ക്കുന്നത് ബുദ്ധിമുട്ടാണെന്നും ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നുവെന്നും സമാജ്വാദി പാര്‍ട്ടി എം.പി ഗോപാല്‍ യാദവ് ചൂണ്ടിക്കാട്ടിയപ്പോഴാണ് നായിഡുവിന്റെ പരാമര്‍ശം.
സഭയില്‍ ഇരിക്കുമ്പോഴും സംസാരിക്കുമ്പോഴും മാസ്ക് ധരിക്കൂ. ആരെങ്കിലും അസൗകര്യം അനുഭവിക്കുന്നൂണ്ടെങ്കില് അക്കാര്യം താന്‍ ഐസിഎംആര്‍ ഡയറക്ടര്‍ ജനറലിനെ വ്യക്തിപരമായി അറിയിക്കാം. ഹാള്‍ എയര്‍കണ്ടീഷന്‍ ആയതിനാല്‍ എല്ലാവരും മാസ്ക് ധരിക്കുന്നതാണ് ഉചിതമമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. എല്ലാവരും മാസ്ക് ധരിക്കണമെന്നാണ് അവരുടെ നിര്‍ദേശം. ആവശ്യമെങ്കില്‍ പിന്നീട് മാറ്റം കൊണ്ടുവരാം- നായിഡു പറഞ്ഞു.
പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിനു മുന്‍പ് മന്ദിരത്തില്‍ നടത്തിയ ആര്‍ടി-പിസിആര്‍ പരിശോധനയില്‍ ലോക്സഭയിലെ 17 അംഗങ്ങള്‍ക്കും രാജ്യസഭയിലെ എട്ടു പേര്‍ക്കും കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു.
കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് വര്‍ഷകാല സമ്മേളനം ചേരുന്നത്. എല്ലാവര്ക്കും മാസ്ക് നിര്‍ബന്ധമാക്കി. ഇരിപ്പിടങ്ങള്‍ക്കു ചുറ്റും പ്ലെക്സിഗ്ലാസ് ഷീല്‍ഡുകള്‍ സ്ഥാപിച്ചിട്ടുമുണ്ട്.





