
കൊവിഡ്-19 വ്യാപനത്തെ തുടർന്ന് വിവിധ രാജ്യങ്ങളിൽ പ്രഖ്യാപിച്ച ലോക്ക് ഡൗൺ വാഹന നിർമ്മാണ കമ്പനികളെ വൻ സാമ്പത്തിക പ്രതിസന്ധിയിലാക്കി. വിപണിയിൽ പിടിച്ചുനിൽക്കാൻ പല കമ്പനികളും ഇപ്പോൾ വില്പനയിലുള്ള വാഹനങ്ങൾക്ക് വമ്പൻ ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഇപ്പോളിതാ ഒരു കാർ കമ്പനിസ്വന്തം ആസ്ഥാനമന്ദിരം തന്നെ വില്പനയ്ക്ക് വച്ചിരിക്കുകയാണ്.
മക്ലാറൻ ആണ് ബ്രിട്ടനിലെ വോക്കിങ്ങിലേ തങ്ങളുടെ ആസ്ഥാന മന്ദിരം വിൽപയ്ക്ക് വച്ചിരിക്കുന്നത്. സ്പോർട്സ് കാറുകൾ മാത്രം നിർമ്മിക്കുന്ന, ഫോർമുല വൺ റേസിങ്ങിലെ നിറസാന്നിദ്ധ്യവുമാണ് മക്ലാറൻ. മക്ലാറന്റെ ഹെഡ്ഓഫീസ് 2004-ൽ ആണ് പ്രവർത്തനം ആരംഭിച്ചത്. റിപ്പോർട്ടുകൾ അനുസരിച്ച് ബ്രിട്ടീഷ് വാഹന നിർമ്മാതാക്കൾ 200 മില്ല്യൺ യൂറോ (ഏകദേശം 1,880 കോടി) ആണ് വോക്കിങ് ആസ്ഥാന മന്ദിരത്തിന് വിലയിട്ടിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും ഭംഗിയേറിയ കാർ കമ്പനി ആസ്ഥാന മന്ദിരങ്ങളിൽ ഒന്നാണ് മക്ലാറന്റേത്. മക്ലാറൻ പ്രൊഡക്ഷൻ സെന്റർ, മക്ലാറൻ ടെക്നോളജി സെന്റർ, മക്ലാറൻ തൊട്ട് ലീഡർഷിപ് സെന്റർ എന്നിങ്ങനെ മൂന്നോളം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഒരു വമ്പൻ ആസ്ഥാനമന്ദിരം ആണ് വോക്കിങ്ങിലേത്.
കരാർ അനുസരിച്ച് മക്ലാറൻ്റെ പ്രവർത്തനം തുടർന്നും വോക്കിങ് ഹെഡ്ക്വാട്ടേഴ്സിൽ തന്നെ തുടരും. കൊവിഡ്-19 മൂലമുണ്ടായ നഷ്ടം നികത്താനാണ് കമ്പനി ഈ രീതി പരീക്ഷിക്കുന്നത്. പുതിയ ഉടമയ്ക്ക് ഉടമസ്ഥാവകാശം കൈമാറും എന്ന് മാത്രം. റിപ്പോർട്ട് പ്രകാരം കുറച്ച് വർഷത്തേക്ക് പുതിയ ഉടമയിൽ നിന്നും സ്ഥലം പാട്ടത്തിനെടുത്താവും മക്ലാറൻ തുടർന്നും അതെ സ്ഥലത്ത് പ്രവർത്തിക്കുക. വോക്കിങ്ങ് ആസ്ഥാനം മന്ദിരത്തിലെ ഏകദേശം 1200 തൊഴിൽ മെയ് മാസത്തിൽ കമ്പനി വെട്ടികുറച്ചിരുന്നു. അപ്ലൈഡ്, ഓട്ടോമോട്ടീവ്, റേസിംഗ് ഡിവിഷനുകളിൽ ജീവനക്കാർക്കാണ് ജോലി നഷ്ടപ്പെട്ടത്.






