
അൻപതാം പിറന്നാൾ ആഘോഷിച്ച് തെന്നിന്ത്യയുടെ ‘നീലാംബരി’ രമ്യ കൃഷ്ണൻ. തന്റെ കുടുംബാംഗങ്ങൾക്കൊപ്പം പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ നടി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു.
താരത്തിന് ആശംസകൾ നേർന്ന് നിരവധി ആരാധകർ രംഗത്തെത്തിയിരുന്നു. 1970 സെപ്റ്റംബര്‍ 15 ന് ചെന്നൈയിലാണ് രമ്യ കൃഷ്ണന് ജനിച്ചത്. 13 വയസ്സുള്ളപ്പോഴാണ് രമ്യ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. മികച്ചൊരു നര്‍ത്തകി കൂടിയായ രമ്യ കൃഷ്ണന് തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വിവിധ ഭാഷകളിലായി ഇതിനോടകം 200 ല്‍ അധികം സിനിമകളില്‍ രമ്യാ കൃഷ്ണന് അഭിനയിച്ചിട്ടുണ്ട്.
മലയാള പ്രേക്ഷകരും നടിയുടെ പിറന്നാളിന് ആശംസകൾ നേർന്ന് രംഗത്തുവന്നു. താരത്തെക്കുറിച്ച് ജെനു ജോണി എഴുതിയ കുറിപ്പ് ഇങ്ങനെ
വെറ്ററൻ അഭിനേതാക്കളുടെ അഭിനയത്തിന് ലഭിക്കുന്ന പ്രശംസകൾക്ക് പുറമേ അവരുടെ ലുക്കും ആഘോഷിക്കപ്പെടുന്ന സാഹചര്യത്തിൽ രമ്യ കൃഷ്ണനെയും പരാമർശിക്കേണ്ടതാണ്. സിനിമയിൽ വന്ന കാലത്തെ പോലെ തന്നെ സൗന്ദര്യവും സ്ക്രീൻ പ്രസൻസും ഇന്നുമുണ്ട്. ശബ്ദവും സംസാരരീതിയും ഇപ്പോഴും ഒരു വേറിട്ട ഭംഗിയാണ്. കഥാപാത്രങ്ങൾക്ക് തന്റേതായ ഒരു സിഗ്നേച്ചർ കൂൾ ആറ്റിറ്റൂട് കൊടുത്ത് അഭിനയിക്കാൻ കഴിവ് ഉള്ള നടിയാണ് ,ഇൻഡസ്ട്രിയിലെ തന്റെ അതാത് സമയത്തെ മറ്റാരുടെയും ശൈലി അല്ല സ്വന്തമായി ഉണ്ടാക്കിയെടുത്ത അഭിനയശൈലിയാണ് രമ്യയുടേത്.
പടയപ്പയിൽ രജനീകാന്തിന് ഒപ്പത്തിനൊപ്പം സ്റ്റൈലിലും എനർജിയിലും ആറ്റിറ്റൂഡിലും പഞ്ച് ഡയലോഗിലും ഒക്കെ പിടിച്ചു നിന്നു രമ്യ , ഇന്നും മികച്ച വില്ലന്മാരുടെ ലിസ്റ്റിൽ മുൻപന്തിയിൽ ഉണ്ട് നീലാംബരി. കമലാഹാസനോട് ഒപ്പം പഞ്ചതന്ത്രത്തിൽ അഭിനയിച്ച മാഗി എന്ന കഥാപാത്രവും കോമഡി നന്നായി കൈകാര്യം ചെയ്ത റോളായിരുന്നു. എല്ലാ ഭാഷകളിലുമായി അനേകം ചിത്രങ്ങളിൽ നായിക ആയ രമ്യ മലയാളത്തിൽ അഭിനയിച്ച ശ്രദ്ധേയമായ സിനിമകളാണ് അഹം , ആര്യൻ, ഒരേ കടൽ , അനുരാഗി , മഹാത്മാ. തിരക്കുള്ള നായിക ആയിരിക്കുന്ന സമയങ്ങളിൽ പോലും ചില ചിത്രങ്ങളിൽ ഗാനരങ്ങളിൽ നർത്തകി ആയും പെർഫോം ചെയ്തിരുന്നു രമ്യ കൃഷ്ണൻ. ചുമ്മാ വന്നു എന്തോ ചെയ്ത് പോവുക എന്നതല്ല വളരെ എലഗന്റ് ആയി തന്നെ പെർഫോം ചെയ്ത് പാട്ടുകൾ ഹിറ്റ് ആവുന്നതിന്റെ ഭാഗം ആവുന്നുണ്ട് രമ്യ , അതിന് ഉദാഹരണങ്ങളാണ് ദൂത് വരുമാ എന്ന കാക്ക കാക്കയിലെ പാട്ടും , അയ്യോ പത്തിക്കിച്ച് എന്ന റിഥത്തിലെ പാട്ടും , മേഘരാഗം നെറുകിൽ എന്ന കാക്കകുയിലിലെ പാട്ടും ഒക്കെ.






