ന്യൂഡല്‍ഹി: രാജ്യത്ത് യുഎപിഎ കേസുകള്‍ 2016 മുതല്‍ വര്‍ധിച്ചുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍. 2016 മുതല്‍ 2018 വരെ 3005 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 821 (27% )എണ്ണത്തില്‍ മാത്രമാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയില്‍ അറിയിച്ചു.
2016ല്‍ 922 യുഎപിഎ കേസുകളും 2017ല്‍ 901 കേസുകളും 2018ല്‍ 1,182 കേസുകളും രജിസ്റ്റര്‍ ചെയ്തു. ഈ കേസുകളില്‍ 3,974 പേര് അറസ്റ്റിലായി. 2016ല്‍ 999 പേരും 2017ല്‍ 1,554 പേരും 2018ല്‍ 1,421 പേരും.
2017ല്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 123 എണ്ണത്തില്‍ അന്വേഷണം പാതിവഴിയിലാണ്. 2018ലെ കേസുകളില്‍ 62 എണ്ണവും അവശേഷിക്കുന്നു. യുഎപിഎ കേസുകളില്‍ ജാമ്യം കിട്ടാനുള്ള ബുദ്ധിമുട്ട് കാരണം അന്വേഷണം വൈകുന്തോറും പ്രതികളുടെ ജയില്വാസവാസവും നീളുകയാണെന്ന് ആഭ്യന്തര സഹമന്ത്രി ജി.കിഷന് റെഡ്ഡി ചോദ്യത്തിന് മറുപടിയായി അറിയിച്ചു.
ദേശീയ സുരക്ഷാ നിയമം അനുസരിച്ച് 2017ലും 2018ലുമായി 1,198 പേര് അറസ്റ്റിലായി. ഇവരില്‍ 563 പേര് ഇപ്പോഴും ജയിലിലാണ്. മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ അറസ്റ്റ്. -759 പേര്. ഉത്തര്‍പ്രദേശില്‍ 338 പേര് അറസ്റ്റിലായി. എന്‍.എസ്.എ ആക്ട് പ്രകാരം 2018ല്‍ 697 പേര് അറസ്റ്റിലായി. ഇവരില്‍ 406 പേര് ജയില്‍ മോചിതരായി. 2017ല്‍ 501 പേര് പിടിയിലായതില്‍ 229 പേര് മോചിതരായി.
12 സംസ്ഥാനങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സാന്നിധ്യമുണ്ടെന്നും അതില്‍ കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് മുന്‍പന്തിയിലെന്നും കേന്ദ്രം ഇന്നലെ രാജ്യസഭയില്‍ അറിയിച്ചിരുന്നു.






