
മ്യൂണിക്ക് : യുവേഫാ ചാംപ്യന്‍സ് ലീഗ് ചാംപ്യന്മാരായ ബയേണ്‍ മ്യൂണിക്കില്‍ നിന്നും സ്പാനിഷ് വമ്പന്മാരായ ബാഴ്സിലോണയ്ക്ക് ഉണ്ടായ വിധി ഇത്തവണ കിട്ടിയത് ബുണ്ടാസ് ലീഗിലെ എതിരാളികളായ ഷാല്ക്കേയ്ക്ക്. ബാഴ്സയ്ക്ക് ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ കിട്ടിയ എട്ടു ഗോളിന്റെ തോല്‍വി ജര്‍മ്മന്‍ ബുണ്ടാസ് ലീഗിലെ ഈ സീസണിലെ ആദ്യ മത്സരത്തിലാണ് ഷാല്ക്കേയ്ക്ക് കിട്ടിയത്. ഏകപക്ഷീയമായ എട്ട് ഗോളിന് ഷാല്‍ക്കേയെ തകര്‍ത്ത് ജര്‍മ്മന്‍ ബുണ്ടാസ് ലീഗിലെ ഈ സീസണില്‍ ബയേണ്‍ മ്യൂണിക്ക് തുടങ്ങി.
സെര്‍ജി നാബ്രിയുടെ ഗോളടി മികവിലായിരുന്നു ബയേണിന്റെ തേരോട്ടം. ജര്‍മ്മന്‍ യുവതാരം നാബ്രി ഹാട്രിക് നേടിയ മത്സരത്തില്‍ ഗൊരേസ്ക, ലവന്ഡോവ്സ്കി, മുള്ളര്‍, സാനേ, മുസിയാല എന്നിവരായിരുന്നു സ്കോറര്‍മാര്‍. ഇംഗഌഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തിയ ലിറോയ് സാനേ ബയേണ്‍ കുപ്പായത്തിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗോളടിക്കുകയും രണ്ടു ഗോളുകള്‍ക്ക് വഴിമരുന്നിടുകയും ചെയ്തു. കഴിഞ്ഞ സീസണിലെ ടോപ് സ്കോറര്‍ ലെവന്‍ഡോവ്സ്കി ഈ മത്സരത്തില്‍ പെനാല്‍റ്റിയില്‍ നിന്നാണ് ഗോള്‍ നേടിയത്. കഴിഞ്ഞ സീസണില്‍ 47 കളിയില്‍ 55 ഗോളടിച്ച ലെവന്‍ഡോവ്സ്കി ഇത്തവണയും എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്കുന്നു.
കഴിഞ്ഞ സീസണില്‍ വെറും രണ്ടു മിനിറ്റ് മാത്രം കളിച്ച കൗമാരതാരം മുസിയാല ഗോള്‍ നേടി ബുണ്ടാസ് ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്കോറര്‍ എന്ന പദവിയുമായാണ് തിരികെ കയറിയത്. കഴിഞ്ഞ സീസണില്‍ തുടങ്ങിയ ജയം ഈ സീസണിലേക്കും നീട്ടിയപ്പോള്‍ ജര്‍മ്മന്‍ടീം ഒറ്റ വരിയില്‍ ജര്‍മ്മന്‍ ലീഗില്‍ കുറിച്ചിരിക്കുന്നത് 22 ജയങ്ങളായി. ഇതിനൊപ്പം ചാംപ്യന്‍സ് ലീഗിലെ കഴിഞ്ഞ മത്സരങ്ങള്‍ കൂടി ചേരുമ്പോള്‍ ആ വരി 30 ജയങ്ങളാകും.
കഴിഞ്ഞ ഡിസംബര്‍ 7 ന് ഒരു മത്സരത്തില പരാജയപ്പെട്ട ശേഷം ഹാന്‍സി ഫ്ളാക്ക് എന്ന പരിശീലകന് കീഴില്‍ ജര്‍മ്മന്‍ ക്ലബ്ബ് പരാജയം അറിഞ്ഞിട്ടേയില്ല. കഴിഞ്ഞ സീസണില്‍ ബുണ്ടാസ് ലീഗ്, ജര്മ്മന്കപ്പ്, ചാംപ്യന്‍സ് ലീഗ് എന്നിങ്ങനെ മൂന്ന് കിരീടങ്ങളാണ് ബയേണിന്റെ ഷോക്കേസില്‍ കയറിയത്. മറുവശത്ത് ഷാല്‍ക്കേ കോവിഡിനെ തുടര്‍ന്ന് ഇടക്കാലത്ത് നിര്‍ത്തി വെച്ച 2019-20 സീസണിലെ ബുണ്ടാസ് ലീഗ് വീണ്ടും തുടങ്ങിയ ശേഷം കളിച്ച ഒമ്പതില്‍ ഏഴു മത്സരങ്ങളിലും തോല്‍ക്കുകയും ചെയ്തു. ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ 8-2 നായിരുന്നു ബാഴ്സിലോണ ജര്‍മ്മന്‍ ക്ലബ്ബിനോട് പരാജയപ്പെട്ടത്.




