
അതിരപ്പിള്ളി : അതിരപ്പിള്ളി വെറ്റിലപ്പാറ പാലത്തില്‍ ആഡംബര ബൈക്കുകളില്‍ അഭ്യാസങ്ങള്‍ നടത്തിയ ആറ് യുവാക്കളെ അതിരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു. അങ്കമാലി കിടങ്ങൂര്‍ സ്വദേശികളായ അറക്കമൂത്താട്ട് ശ്രീജിത്ത് (20), കൊട്ടാരപ്പാട്ടില്‍ അഭിഷേക് (21), ഇടപ്പിള്ളി സ്വദേശി കണ്ണിക്കണ്ടത്തില് റസല്‍ (20), ആലുവ പൂക്കാട്ട്പടി സ്വദേശി കോളാട്ടില്‍ അന്‍ഷാദ് (20), അങ്കമാലി സ്വദേശി കുരിശുപറമ്പില്‍ ആഗ്വിന് (20), ആലുവ സ്വദേശി മേലോത്ത്കുഴി മനു (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
അഭ്യാസം നടത്തിയ മൂന്ന് ആഡംബരബൈക്കുകള്‍ പോലീസ് പിടിച്ചെടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നാണ് സംഭവം. അപകടകരമായ രീതിയില്‍, യുവാക്കള്‍ പേടിപ്പെടുത്തുന്ന അഭ്യാസങ്ങള്‍ നടത്തുന്നതായി നാട്ടുകാര്‍ പോലീസിനെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് പോലീസെത്തി ഇവരെ പിടികൂടിയത്. പോലീസിനെ കണ്ട് അതിവേഗത്തില്‍ ഓടിച്ചുപോയ ഒരു ബൈക്ക് പിന്തുടര്ന്നാണ് പിടിച്ചത്.






