
സേലം: ജീവിത സമ്പാദ്യം മുഴുവന്‍ ചെലവഴിച്ച് ആക്രി പെറുക്ക് തൊഴിലാളി നിര്‍മ്മിച്ച സ്വന്തം പ്രതിമ ശ്രദ്ധേയമാകുന്നു. സേലം ജില്ലയിലെ അത്തനൂര്പ്പട്ടി സ്വദേശിയായ നല്ലതമ്പി എന്നയാളാണ് സ്വന്തം പ്രതിമ നിര്‍മ്മിച്ചത്. ആക്രി പെറുക്കി വിറ്റ് സമ്പാദിച്ച പത്ത് ലക്ഷം രൂപ ചെലവഴിച്ച് സ്ഥലം വാങ്ങി അവിടെ പ്രതിമ സ്ഥാപിച്ചത്.
സേലം ജില്ലയിലെ ആനൈമേട് സ്വദേശിയാണ് നല്ലതമ്പി. കുടുംബവുമായുള്ള ചില തര്‍ക്കങ്ങളെ തുടര്‍ന്ന് 20 വര്‍ഷം മുമ്പ് വീട് ഉപേക്ഷിച്ച് ഇയാള്‍ അത്തനൂര്പ്പട്ടിയില് എത്തുകയായിരുന്നു. നേരത്തെ മേസ്തിരി പണിക്കാരനായിരുന്നു. അത് കഴിഞ്ഞ് ആക്രി പെറുക്കിലേക്ക് തിരിഞ്ഞു.
മേസ്തിരി പണി ചെയ്തിരുന്നപ്പോള്‍ മുതല്‍ സമ്പാദിച്ച പണം ഉപയോഗിച്ച് വാഴപ്പാടി ബേലൂര്‍ ഗ്രമത്തില്‍ രണ്ട് സെന്റ് സ്ഥലം വാങ്ങി. ശേഷം അവിടെ പ്രതിമ സ്ഥാപിക്കുകയായിരുന്നു. തന്റെ പൂര്‍ണ്ണകായ പ്രതിമയാണ് നിര്‍മ്മിച്ചത്. ബേലൂരില്‍ നിന്ന തന്നെയുള്ള ഒരു ശില്‍പ്പിയാണ് പ്രതിമ നിര്‍മ്മിച്ചത്. ശില്‍പ്പിക്ക് ഒരു ലക്ഷം രൂപ പ്രതിഫലം നല്കി.
നിര്‍മ്മാണം പൂര്‍ത്തിയായ പ്രതിമ കഴിഞ്ഞ ഞായറാഴ്ച ഇവിടെ സ്ഥാപിച്ചു. വാര്‍ത്തയറിഞ്ഞ് സമീപ പ്രദേശങ്ങളില്‍ നിന്ന് അടക്കം നൂറുകണക്കിന് ആളുകള്‍ ഇത് സന്ദര്‍ശിക്കാന്‍ വരുന്നുണ്ട്. ഉടന്‍ തന്നെ വിപുലമായ പരിപാടി സംഘടിപ്പിച്ച് പ്രതിമയുടെ ഉദ്ഘാടനം നിര്‍വഹിക്കാനാണ് നല്ലതമ്പി ആലോചിക്കുന്നത്.






