
ചില ആളുകളുടെ ജീവിതം കാണുമ്പോള്‍ പലപ്പോഴും അയാള്‍ എത്ര ഭാഗ്യവാനെന്ന് പറയാറുണ്ട്. ഇത്തരത്തില്‍ ഭാഗ്യം തുണച്ച ജീവിതമാണ് ക്രൊയേഷ്യന്‍ സ്വദേശിയായ ഫ്രെയിന്‍ സെലകിന്റെ ജീവിതം. ഏഴ് അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയും, അവസാനം എട്ടു കോടിയുടെ വമ്പന്‍ ലോട്ടറി അടിക്കുകയും ചെയ്ത ജീവിതമാണ് സെലകിന്റേത്.
1962-ലാണ് സെലകിന്റെ ഭാഗ്യ പരീക്ഷണങ്ങളുടെ തുടക്കം. സരജാവോയില്‍ നിന്ന് ഡുബ്രോവ്നിക്കിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ അദ്ദേഹം സഞ്ചരിച്ച ട്രെയിന്‍ ഒരു നദിയിലേക്ക് മറിഞ്ഞു. ആ അപകടത്തില്‍ പതിനേഴ് യാത്രക്കാര്‍ മരിച്ചു. കൈയ്ക്ക് മാത്രം ഒടിവോടെ സെലക് രക്ഷപ്പെട്ടു. അടുത്ത വര്‍ഷം അദേഹം ആദ്യമായി വിമാനയാത്ര നടത്തി. ഈ വിമാനവും അപകടത്തില്‍ പെട്ടു. 19 പേര് മരണമടഞ്ഞ ആ വിമാന അപകടത്തില്‍ വിമാനത്തിന്റെ വാതിലിലൂടെ സെലക് പുറത്ത് തെറിച്ചു വീണു. ചെന്നു വീണത് ഒരു വൈക്കോല്‍ കൂനയിലാണ്, അതോടെ നിസാര പരിക്കുകളോടെ സെലക് രക്ഷപ്പെട്ടു.
1966 -ല്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന ബസ് നദിയിലേക്ക് വീണു. നാല് മരണങ്ങള് ഉണ്ടായി. സെലക് വീണ്ടും രക്ഷപ്പെട്ടു. ഒരു ദിവസം അദ്ദേഹം തന്റെ കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഇന്ധനടാങ്ക് പൊട്ടിത്തെറിച്ച് അപകടമുണ്ടായി. ഓടുന്ന വണ്ടിയില്‍ നിന്ന് എടുത്ത് ചാടിയാണ് സെലക് രക്ഷപ്പെട്ടത്. 1972 -ല്‍ കാറിന് തീപിടിച്ച് തലമുടി പൂര്‍ണമായും കത്തിയെങ്കിലും അപകടത്തില്‍ നിന്നും സെലക് രക്ഷപ്പെട്ടു. 1995 -ല്‍ ബസ് ഇടിച്ചെങ്കിലും കാര്യമായ പരിക്ക് പറ്റിയില്ല.
തൊട്ടടുത്ത വര്‍ഷം ഒരു ട്രക്ക് വന്നിടിച്ച് സെലകിന്റെ കാര്‍ 300 അടി താഴേക്ക് വീണെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു. തുടര്‍ച്ചയായ അപകടങ്ങള്‍ സെലക്കിനെ തേടി എത്തിയതോടെ ഇദ്ദേഹത്തോടൊപ്പം യാത്ര ചെയ്യാന്‍ പോലും പലരും മടിച്ചു. എന്നാല്‍ 2003-ല്‍ സെലക്കിന് എട്ടു കോടി 17 ലക്ഷം രൂപ അടിച്ചു. ലോട്ടറി തുക കൊണ്ട് സെലക് രണ്ട് വീടുകളും ഒരു ബോട്ടും വാങ്ങി. '' ഒന്നുകില്‍ ഞാന്‍ ലോകത്തിലെ ഏറ്റവും നിര്‍ഭാഗ്യവാനാണ്. അല്ലെങ്കില്‍ ഭാഗ്യവാന്. രണ്ടാമത്തേത് വിശ്വസിക്കാനാണ് എനിക്കിഷ്ടം '' -അദ്ദേഹം പറയുന്നു.






