ന്യൂഡല്‍ഹി: നടന് സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നടിമാരായ സാറ അലി ഖാന്, ശ്രദ്ധ കപൂര്‍ എന്നിവരെ ചോദ്യം ചെയ്തേക്കും. എന്‍.ഡി.പി.എസ് ആക്ടിന്റെ 67-ാം വകുപ്പ് പ്രകാരം ഇരുവരെയും സമന്‍സ് അയച്ച് വിളിപ്പിക്കും.
ഫാഷന്‍ ഡിസൈനര്‍ സിമോണ്‍ ഖംബതയെയും മറ്റൊരു നടിയേയും കൂടി വിളിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേസില്‍ നേരത്തെ അറസ്റ്റിലായ നടി റിയ ചക്രബര്‍ത്തി, പാര്‍ട്ടികളില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന ചില ബോളിവുഡ് താരങ്ങളുടെ പേര് വെളിപ്പെടുത്തിയിട്ടുണ്ട്. റിയയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് സാറ അലി ഖാനെയും ശ്രദ്ധാ കപൂറിനെയും വിളിപ്പിക്കുന്നത്.
കേസില്‍ റിയ ചക്രബര്‍ത്തിയുടെ സഹോദരന് ഷോവിക് ചക്രബര്‍ത്തിയും സുശാന്തിന്റെ രണ്ട് ജീവനക്കാരും നിരവധി മയക്കുമരുന്ന് ഇടപാടുകാരും പിടിയിലായിരുന്നു. മുംബൈയിലും ഗോവയിലും വിവിധയിടങ്ങളില്‍ എന്‍.സി.ബി റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 14നാണ് സുശാന്തിനെ മുംബൈയിലെ അപ്പാര്‍ട്ട്മെന്‍്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് താരത്തിന്റെ കുടുംബം ഉന്നയിച്ച പരാതിയിലാണ് മയക്കുമരുന്ന് ബന്ധം അടക്കം അന്വേഷിക്കുന്നത്.






