
ദുബായ്: ഐ.പി.എല്ലിൽ ഇന്ന് നടക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ - സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിൽ ടോസ് നേടിയ സൺറൈസേഴ്സ് ബൗളിങ് തിരഞ്ഞെടുത്തു. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ടോസ് നേടുന്ന ക്യാപ്റ്റൻ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിക്കുന്നത്. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. മലയാളി താരം ദേവദത്ത് പടിക്കൽ ബാഗ്ലൂർ ഇലവനിൽ ഇടംപിടിച്ചു.
ഐ.പി.എല്ലിൽ ഭാഗ്യം ഏറ്റവും കുറഞ്ഞനുഗ്രഹിച്ച ടീമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. വിരാട് കോലി, ക്രിസ് ഗെയ്ൽ, എ.ബി. ഡിവില്ലിയേഴ്സ് തുടങ്ങിയ ലോകോത്തര താരങ്ങൾ അണിനിരന്ന ടീം മൂന്നുവട്ടം ഫൈനലിലെത്തി. പക്ഷേ, ഒരിക്കലും കിരീടം നേടാനായില്ല. വിരാട് കോലി നയിക്കുന്ന ടീം കിരീടം നേടണമെന്ന് ആഗ്രഹിക്കുന്ന ആരാധകരേറെയുണ്ട്. ഗെയ്ൽ ഇത്തവണ പഞ്ചാബ് നിരയിലേക്ക് ചേക്കേറി.
കോലി, ഡിവില്ലിയേഴ്സ്, ആരോൺ ഫിഞ്ച്, പാർഥിവ് പട്ടേൽ എന്നിവർക്കൊപ്പം ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ മിന്നും താരം ദേവദത്ത് പടിക്കൽ, ഓൾറൗണ്ടർമാരായ മോയിൻ അലി, ശിവം ദുബെ, വാഷിങ്ടൺ സുന്ദർ എന്നിവരടങ്ങിയ ബാറ്റിങ് നിര ശക്തമാണ്. സ്വന്തംനിലയ്ക്ക് കളിയുടെ ഗതിമാറ്റാനാകുന്ന ബാറ്റ്സ്മാൻമാർ ഈ കൂട്ടത്തിലുണ്ട്.
ഇന്ത്യൻ താരങ്ങളായ ഉമേഷ് യാദവ്, നവ്ദീപ് സെയ്നി, ദുബെ എന്നിവർക്കൊപ്പം ദക്ഷിണാഫ്രിക്കയുടെ ഡെയ്ൽ സ്റ്റെയ്നും ഉൾപ്പെട്ടതാണ് പേസ് നിര. ഇംഗ്ലണ്ടിന്റെ മോയിൻ അലി, ഇന്ത്യക്കാരായ യുസ്വേന്ദ്ര ചാഹൽ, പവൻ നേഗി, ഷഹബാസ് അഹമ്മദ്, വാഷിങ്ടൺ സുന്ദർ, ഓസ്ട്രേലിയയുടെ ആദം സാംപ എന്നിവരടങ്ങിയ സ്പിൻ നിരയ്ക്ക് വൈവിധ്യവും ആഴവുമുണ്ട്.
മറുവശത്ത് 2013-ൽ ഐ.പി.എല്ലിന്റെ ഭാഗമായ സൺറൈസേഴ്സ് ഹൈദരാബാദ് കഴിഞ്ഞ ഏഴുവർഷത്തിനിടെ അഞ്ചുതവണ പ്ലേ ഓഫിലെത്തി. ഒരുതവണ കിരീടവും സ്വന്തമാക്കി.
ഇക്കുറിയും ശക്തമായ ടീമാണ് ഹൈദരാബാദ്. ഐ.പി.എൽ. സീസണിൽ മൂന്നുവട്ടം ടോപ് സ്കോററായ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ഡേവിഡ് വാർണറാണ് ടീമിന്റെ പ്രധാന ആയുധം. കെയ്ൻ വില്യംസണ് പകരം ഇക്കുറി ക്യാപ്റ്റനും വാർണറാണ്. ഒപ്പം ഇംഗ്ലണ്ടിന്റെ ജോണി ബെയർസ്റ്റോയും ചേരുന്ന ഓപ്പണിങ് സഖ്യം സ്ഫോടനാത്മകമായിരിക്കും. ന്യൂസീലൻഡിന്റെ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ, ഓസ്ട്രേലിയയുടെ മിച്ചൽ മാർഷ്, ഇന്ത്യയുടെ മനീഷ് പാണ്ഡെ, വിജയ് ശങ്കർ, വൃദ്ധിമാൻ സാഹ തുടങ്ങിയവരാണ് പിന്നീടുള്ളത്.
ഭുവനേശ്വർകുമാർ, ഖലീൽ അഹമ്മദ്, മലയാളിയായ ബേസിൽ തമ്പി, സിദ്ധാർഥ് കൗൾ, സന്ദീപ് ശർമ എന്നിവരുൾപ്പെട്ട പേസ് ബൗളിങ് നിര ശക്തമാണ്. അഫ്ഗാനിസ്താന്റെ റാഷിദ് ഖാൻ, മുഹമ്മദ് നബി, ഇന്ത്യയുടെ ഷഹബാസ് നദീം എന്നിവരാണ് സ്പിൻ വിഭാഗത്തിന് നേതൃത്വം നൽകേണ്ടത്. മുഹമ്മദ് നബി, മിച്ചൽ മാർഷ്, വിജയ് ശങ്കർ എന്നിവർ ഓൾറൗണ്ടർമാരാണ്.





